ജില്ലയില്‍ പലയിടങ്ങളിലും ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു.
തൊടുപുഴ: ജില്ലയില്‍ പലയിടങ്ങളിലും ചെങ്കണ്ണ് രോഗം വ്യാപകമാകുന്നു. കണ്ണിനകത്ത് കടും ചുവപ്പു നിറം, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം വരല്‍, പോളകള്‍ക്കിരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗികള്‍ക്ക് അനുഭവപ്പെടുന്നത്.
വൈറസ്, ബാക്ടീരിയ എന്നിവ രോഗകാരികളായതിനാല്‍ വേഗം പടരാൻ സാധ്യത കൂടുതലാണ്. രോഗം വന്നയാളുടെ സമ്ബര്‍ക്കം, സ്പര്‍ശനം എന്നിവ രോഗം പടരാൻ ഇടയാക്കുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വ്യക്തിശുചിത്വം, കൈകള്‍ ഇടക്കിടെ കഴുകുക എന്നിവ പ്രതിരോധ മാര്‍ഗമാണ്. രോഗം പിടിപെട്ട ഒരാള്‍ക്ക് പൂര്‍ണമായി ഭേദപ്പെടാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലുമെടുക്കും. സാധാരണ ചൂടുകാലങ്ങളിലാണ് ഈ അസുഖം കാണപ്പെടാറെങ്കിലും നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും രോഗം പടര്‍ന്നുപിടിക്കുകയാണ്. വിദ്യാലയങ്ങളില്‍ രോഗവ്യാപനത്തെ തുടര്‍ന്ന് ഹാജര്‍ വളരെയധികം കുറഞ്ഞു. ചെങ്കണ്ണ് ബാധിച്ച കുട്ടികളും അധ്യാപകരും സ്കൂളിലെത്തരുതെന്ന് ഡി.എം.ഒ നിര്‍ദേശം നല്‍കി.
കുട്ടികള്‍ക്കിടയില്‍ വളരെ എളുപ്പത്തില്‍ ഇത് പടരാനുള്ള സാധ്യതയുണ്ട്. പലയിടത്തും മഴയും വെയിലും മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ചെങ്കണ്ണ് കണ്ട് വരുന്നുണ്ടെന്ന് ഡി.എം.ഒ ചൂണ്ടിക്കാട്ടുന്നു. കണ്ണ് രോഗമുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതെ വീട്ടില്‍ തന്നെ ഇരിക്കുക, രോഗികളായ കുട്ടികളെ പൂര്‍ണമായും മാറിയിട്ടേ സ്കൂളില്‍ അയക്കാവൂ. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകളേ ഉപയോഗിക്കാവൂവെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. മനോജ് പറഞ്ഞു.