മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം; ആനക്കൊമ്ബ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ തള്ളി

August 18, 2023
32
Views

ആനക്കൊമ്ബ് കൈവശം വച്ച കേസില്‍ നടൻ മോഹൻലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.

കൊച്ചി: ആനക്കൊമ്ബ് കൈവശം വച്ച കേസില്‍ നടൻ മോഹൻലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കവേയാണ് മോഹൻലാലും മറ്റ് പ്രതികളും നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാണമെന്ന് പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.

കേസ് പിൻവലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി.

കേസില്‍ ഒന്നാം പ്രതിയാണ് മോഹൻലാല്‍. തൃശൂര്‍ സ്വദേശി പി.എൻ.കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ.കൃഷ്ണകുമാര്‍, നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹൻലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്ബുകള്‍ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് മോഹൻലാല്‍ ആനക്കൊമ്ബുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്ബുകള്‍ വാങ്ങിയതെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം.

വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച്‌ മോഹൻലാലിന് ആനക്കൊമ്ബുകള്‍ കൈവശം വെയ്ക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കൊമ്ബുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹൻലാലിനു നല്‍കിയ പ്രിൻസിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് അവസാനിപ്പിക്കണമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരും സ്വീകരിച്ചത്. എന്നാല്‍ ഇരുവിഭാഗത്തിനും പ്രതികൂലമായി നിലപാടാണ് നിലവില്‍ കോടതി സ്വീകരിച്ചിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *