ഭൂകമ്ബം കനത്ത നാശംവിതച്ച മൊറോക്കോയില്‍ അറ്റ്‌ലസ് പര്‍വത താഴ്‌വരയിലെ വിദൂര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടനിലയില്‍.
റാബത്ത് : ഭൂകമ്ബം കനത്ത നാശംവിതച്ച മൊറോക്കോയില്‍ അറ്റ്‌ലസ് പര്‍വത താഴ്‌വരയിലെ വിദൂര ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടനിലയില്‍.
മലയോര ഗ്രാമങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്ന് അവശിഷ്ടങ്ങളാല്‍ നിറഞ്ഞതിനാല്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിനുള്ള ഹെവി ലിഫ്റ്റിംഗ് ഉപകരണങ്ങള്‍ എത്തിക്കാനാകുന്നില്ലെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.
2,681 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. പരിക്കേറ്റ 2,501 പേര്‍ ചികിത്സയിലാണ്. തകര്‍ന്നടിഞ്ഞ ഗ്രാമങ്ങളിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതോടെ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിക്കാനിടയുണ്ട്. ഗ്രാമീണര്‍ കൈകളും മണ്‍വെട്ടിയും കൊണ്ട് അവശിഷ്ടങ്ങള്‍ക്കിടെയില്‍ പ്രിയപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇവിടേക്ക് സഹായങ്ങളെത്തിക്കുന്നതും മന്ദഗതിയിലാണ്. ഫ്രാൻസ് അടക്കമുള്ള നിരവധി വിദേശരാജ്യങ്ങള്‍ സഹായത്തിന് സജ്ജമാണെങ്കിലും മൊറോക്കൻ ഭരണകൂടം ഇതുവരെ ബ്രിട്ടണ്‍, സ്പെയിൻ, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
മാരാകേഷില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ തെക്ക് – പടിഞ്ഞാറായുള്ള ടഫെഘാഘ്തെ ഗ്രാമത്തില്‍ ജീവിച്ച 200 പേരില്‍ 90 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നിരവധി പേരെ കാണാനില്ല.
ഇന്ത്യൻ സമയം ശനിയാഴ്ച പുലര്‍ച്ചെ 3.41ഓടെയായിരുന്നു റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം മൊറോക്കോയെ വിറപ്പിച്ചത്. മാരാകേഷ് നഗരത്തിന് തെക്ക് – പടിഞ്ഞാറായി 71 കിലോമീറ്റര്‍ അകലെ അല്‍ – ഹൗസ് പ്രവിശ്യയില്‍ അറ്റ്‌ലസ് പര്‍വതനിരകളിലെ ഇഗ്ഹില്‍ പട്ടണത്തിന് സമീപമാണ് പ്രഭവ കേന്ദ്രം.