വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ അക്രമണം.
തൊടുപുഴ: വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ അക്രമണം. മര്‍ദനത്തിന് പിന്നില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവായ ഭര്‍തൃപിതാവും മാതാവുമെന്ന് പരാതി.
തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനിലെ കുടുംബകോടതിയുടെ കൗണ്‍സില്‍ ഹാളിന് സമീപം വച്ചാണ് മൂലമറ്റം വലിയറമ്ബില്‍ ജുവല്‍ തോമസ് (31), പിതാവ് തോമസ് (66) എന്നിവര്‍ക്ക് മര്‍ദനമേറ്റത്.
ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ജുവല്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ജുവല്‍ പറയുന്നതിങ്ങനെ: 2016 ജനുവരിയിലായിരുന്നു വിവാഹം. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഷാര്‍ജയിലായിരുന്നു ജോലി. ഇതിനിടെ രണ്ട് വര്‍ഷം മുമ്ബ് കുഞ്ഞ് ജനിച്ചു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. വീണ്ടും ജോലിക്കായി ഷാര്‍ജയിലെത്തിയ ഇരുവരും ഇക്കഴിഞ്ഞ ജനുവരിയിലാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇതിന് ശേഷം തന്നെ പല തവണ ശാരീരികമായി ഉപദ്രവിക്കുകയും പാസ്‌പോര്‍ട്ട് പിടിച്ചുവച്ച ശേഷം സ്വന്തം വീട്ടില്‍ പറഞ്ഞയക്കുകയും ചെയ്‌തു. പിന്നീട് ഇക്കഴിഞ്ഞ ഓണത്തിന് ശേഷം കോടതിയില്‍നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് വിവാഹമോചനത്തിന് ഭര്‍ത്താവ് കേസ് ഫയല്‍ ചെയ്‌ത വിവരം അറിഞ്ഞത്. ഇക്കാര്യം തിരക്കിയപ്പോള്‍ ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
ഇതേ തുടര്‍ന്ന് കോടതി ജുവലിനും കുട്ടിക്കും മാതാപിതാക്കള്‍ക്കും പ്ര?ട്ടക്ഷന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. കേസിന്റെ ഭാഗമായി ഇന്നലെ കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ നിന്നും ഉച്ചയ്‌ക്ക് രണ്ടുമണിയോടെ പുറത്തിറങ്ങിയപ്പോള്‍ മൂവരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. സിവില്‍ സ്‌റ്റേഷനിലെ മറ്റ് ഓഫീസുകളിലുള്ളവരും സ്‌ഥലത്തുണ്ടായിരുന്നവരും ഓടിയെത്തിയാണ് ഇരുവരേയും രക്ഷപെടുത്തിയത്.
സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും മൂവരും രക്ഷപ്പെട്ടതായും ജുവല്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മറ്റ് ദാമ്ബത്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നിട്ടും എന്തിനാണ് ഭര്‍ത്താവ് വിവാഹമോചന കേസ് നല്‍കിയതെന്ന് അറിയില്ലെന്നും ഭര്‍ത്താവിന്റെ കുടുംബത്തിന് രാഷ്‌ട്രീയ സ്വാധീനമുള്ളതിനാല്‍ വീണ്ടും അക്രമം ഉണ്ടാകുമോയെന്ന ഭയം ഉണ്ടെന്നും ജുവല്‍ പറഞ്ഞു. മര്‍ദനമേറ്റ് അവശരായ ജുവലും പിതാവ് തോമസും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.