ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ സുല്‍ത്താൻ അല്‍ നിയാദി ഓരോ മണിക്കൂറിലും ആരോഗ്യം തിരിച്ചുപിടിക്കുകയാണെന്ന് മുഹമ്മദ് ബിൻ റാശിദ്
ദുബൈ: ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ സുല്‍ത്താൻ അല്‍ നിയാദി ഓരോ മണിക്കൂറിലും ആരോഗ്യം തിരിച്ചുപിടിക്കുകയാണെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ ഫ്ലൈറ്റ് സര്‍ജൻ ഡോ.
ഹനാൻ അല്‍ സുവൈദി. ഹൂസ്റ്റണില്‍ അല്‍ നിയാദിയുടെ ചികിത്സക്കും മറ്റും മേല്‍നോട്ടം വഹിക്കുന്ന അവര്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സുഖവിവരങ്ങള്‍ വെളിപ്പെടുത്തിയത്.
എനിക്ക് നിങ്ങളുമായി ചില സന്തോഷകരമായ കാര്യങ്ങള്‍ പങ്കുവെക്കാനുണ്ട്. സുല്‍ത്താനും സഹയാത്രികരും ഭൂമിയില്‍ തിരിച്ചെത്തിയശേഷം ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നിലവില്‍ പുനരധിവാസവും ചികിത്സയും ശാസ്ത്ര പരീക്ഷണങ്ങളും തുടരുകയാണവര്‍. സുല്‍ത്താന്‍റെ ആരോഗ്യം ഓരോ ദിവസവുമല്ല, ഓരോ മണിക്കൂറിലും മെച്ചപ്പെട്ടുവരുകയാണ് -അവര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സുല്‍ത്താൻ തിങ്കളാഴ്ച യു.എ.ഇയില്‍ തിരിച്ചെത്തുമെന്ന് ദുബൈ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ ദീര്‍ഘകാല ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ നാലിന് യു.എസിലെ ഫ്ലോറിഡയില്‍ മടങ്ങിയെത്തിയ അദ്ദേഹം ‘നാസ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ബഹിരാകാശത്തെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.
തിരിച്ചെത്തുന്ന സുല്‍ത്താൻ ഒരാഴ്ച മാതൃരാജ്യത്ത് ചെലവഴിക്കുമെന്നാണ് അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയത്. പിന്നീട് ശാസ്ത്ര പരീക്ഷണങ്ങള്‍ തുടരുന്നതിന് ഹൂസ്റ്റണിലേക്കുതന്നെ മടങ്ങും. തിരിച്ചെത്തുന്ന, രാജ്യത്തിന്‍റെ അഭിമാനപുത്രന് സമുചിതമായ സ്വീകരണം ഒരുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. നേരത്തെ ഹസ്സ അല്‍ മൻസൂരിക്ക് നല്‍കിയതിന് സമാനമായ രീതിയില്‍ ഗംഭീര സ്വീകരണ ചടങ്ങുകളാണ് ഒരുക്കുക. രാഷ്ട്ര നേതാക്കളെ സന്ദര്‍ശിക്കല്‍, ദൗത്യ വിജയാഘോഷം, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അല്‍ ഐനില്‍ പ്രത്യേക സ്വീകരണം എന്നിവ നടക്കുമെന്നാണ് കരുതുന്നത്.