സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നിര്‍വഹിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് സര്‍വീസ് ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നിര്‍വഹിക്കും.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് ചടങ്ങുകള്‍. ഇതോടൊപ്പം രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലെ വന്ദേഭാരത് സര്‍വീസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനുകളിലും പുതിയ വന്ദേഭാരതിന് സ്വീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടാം വന്ദേഭാരതിന്റെ മുൻകൂര്‍ ടിക്കറ്റ് റിസര്‍വേഷൻ ഇന്നലെ മുതല്‍ ആരംഭിച്ചു. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ചയും കാസര്‍കോട്ടുനിന്ന് ബുധനാഴ്ചയുമാണ് റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കുക. എട്ടു കോച്ചുകളുമായാണ് കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് സര്‍വീസ് നടത്തുക. കാസര്‍കോട്ടു നിന്നു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയാണ് സര്‍വീസ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ട്രെയിൻ സര്‍വീസ് നടത്തും.ഈ ട്രെയിനിന്റെ തിരുവനന്തപുരം -കാസര്‍കോട് സര്‍വീസ് തിങ്കളാഴ്ചകളില്‍ ഉണ്ടാകില്ല.
ട്രെയിൻ നമ്ബര്‍ 20631കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് രാവിലെ 7ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. ഉച്ചകഴിഞ്ഞ് 3.05ന് തിരുവനന്തപുരത്ത് എത്തും. എട്ടു മണിക്കൂറും അഞ്ച് മിനിട്ടുമാണ് യാത്രാസമയം.
ട്രെയിൻ നമ്ബര്‍ 20632 തിരുവനന്തപുരം -കാസര്‍കോട് വന്ദേഭാരത് എക്സ്‌പ്രസ് തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് 11.58ന് കാസര്‍കോട്ട് എത്തും. 7 മണിക്കൂര്‍ 55 മിനിട്ടാണ് യാത്രാസമയം.
ഏപ്രിലിലാണ് സംസ്ഥാനത്ത് ആദ്യ വന്ദേഭാരത് സര്‍വീസ് തുടങ്ങിയത്. ഇതോടെ രണ്ടുനിറങ്ങളിലുള്ള വന്ദേഭാരത് സര്‍വീസുകളും സംസ്ഥാനത്തെത്തുന്നു എന്നതുപോലെ രാവിലെയും വൈകിട്ടും സംസ്ഥാനത്തിന്റെ തെക്കുവടക്ക് അറ്റങ്ങളില്‍ നിന്ന് വന്ദേഭാരത് സര്‍വീസുകള്‍ നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കും 7ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസുണ്ട്. അതുപോലെ വൈകിട്ട് 2.30ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും 4.05ന് തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്കും സര്‍വീസുണ്ട്. സംസ്ഥാനത്തെ യാത്രാപ്രശ്നത്തിന് വലിയ ആശ്വാസമാണിത്. ഒരു വന്ദേഭാരത് കോട്ടയം വഴിയെങ്കില്‍ രണ്ടാംട്രെയിൻ ആലപ്പുഴ വഴിയുമാണ്.
ടിക്കറ്റ് നിരക്ക്
തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറില്‍ 1515രൂപയും എക്സിക്യുട്ടീവില്‍ 2800രൂപയുമാണ്. ആദ്യ വന്ദേഭാരതില്‍ ഇത് യഥാക്രമം 1590രൂപയും 2880രൂപയുമാണ്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പുതിയ വന്ദേഭാരതില്‍ ചെയര്‍കാറില്‍ 1555രൂപയും എക്സിക്യൂട്ടീവില്‍ 2835രൂപയുമാണ്. ആദ്യ വന്ദേഭാരതില്‍ ഇത് യഥാക്രമം 1520രൂപയും 2815രൂപയുമാണ്. ഭക്ഷണനിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് നിരക്കുകളിലെ ചെറിയ വ്യത്യാസത്തിന് പ്രധാനകാരണം.
തിരുവനന്തപുരത്തുനിന്നുള്ള നിരക്കുകള്‍
സ്റ്റേഷൻ, ചെയര്‍കാര്‍,എക്സിക്യൂട്ടീവ് എന്നീ ക്രമത്തില്‍
കൊല്ലം- 485, 910
ആലപ്പുഴ– 580,1105
എറണാകുളം 685,1320
തൃശ്ശൂര്‍ 1025,1795
ഷൊര്‍ണ്ണൂര്‍ 1085,1925
തിരൂര്‍ 1150,2045
കോഴിക്കോട് 1210,2170
കണ്ണൂര്‍ 1365,2475
കാസര്‍കോട് 1515,2800