കോഴിക്കോട്ട് ബി.എസ്.എല്‍-4 ലാബ്: വൈറസ് രോഗങ്ങള്‍ സ്ഥിരീകരിക്കാൻ മാത്രമല്ല, ഗവേഷണവും നടത്താം

September 25, 2023
45
Views

കോഴിക്കോട്ടുനിന്ന് മാരക വൈറസ് രോഗങ്ങള്‍ സ്ഥിരീകരിക്കാൻ മാത്രമല്ല, ഇവയെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണം നടത്താനും സാധിക്കും.

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് മാരക വൈറസ് രോഗങ്ങള്‍ സ്ഥിരീകരിക്കാൻ മാത്രമല്ല, ഇവയെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണം നടത്താനും സാധിക്കും.

തുടര്‍ച്ചയായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോഴിക്കോട്ട് ബയോ സേഫ്റ്റി ലെവല്‍-4 (ബി.എസ്.എല്‍-4) ലാബ് നിര്‍മിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ എം.കെ. രാഘവൻ എം.പിക്ക് ഉറപ്പുനല്‍കിയതോടെയാണ് ആരോഗ്യ ഗവേഷണരംഗത്ത് കോഴിക്കോടിന് പുത്തൻ പ്രതീക്ഷയാകുന്നത്. എന്‍.ഐ.വി പൂണെയിലെ ലാബിന് തുല്യമായിരിക്കും കോഴിക്കോടിന് വാഗ്ദാനം ചെയ്യപ്പെട്ട ലാബ്. ഇത് യാഥാര്‍ഥ്യമാവുന്നതോടെ നിപ പോലുള്ള വൈറസ് പരിശോധനകള്‍ കോഴിക്കോട്ടുതന്നെ പരിശോധന നടത്തി സ്ഥിരീകരിക്കാനും കൂടുതല്‍ പഠനങ്ങള്‍ നടത്താനും സാധിക്കും.

ലെവല്‍ മൂന്നില്‍ പരിശോധന നടത്താനും അത് റിപ്പോര്‍ട്ട് ചെയ്യാനും മാത്രമേ സാധിക്കുള്ളൂ. ഇതിനെ നാലാം കാറ്റഗറിയിലേക്ക് ഉയര്‍ത്തുന്നതോടെ പ്രതിരോധ വാക്സിനുകള്‍ ഉണ്ടാക്കുന്നതിനായി വൈറസുകളെ വളര്‍ത്താനും തുടര്‍പരീക്ഷണങ്ങള്‍ നടത്താനും കഴിയും. അതിസുരക്ഷയോടെയാണ് ലാബ് പ്രവര്‍ത്തിപ്പിക്കുക. സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് വലിയ മുതല്‍ക്കൂട്ടായിരുക്കും നിര്‍ദിഷ്ട ലാബ്.

നിര്‍മാണത്തിലുള്ള ബി.എസ്.എല്‍-3 ലാബ് അടിയന്തരമായി പൂര്‍ത്തീകരിക്കാൻ ഇന്ത്യൻ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍)ന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോടിന് ബി.എസ്.എല്‍ -4 ലാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി നേരത്തെ കേന്ദ്രമന്ത്രിക്ക് കത്തയച്ചിരുന്നു.

കോഴിക്കോടിന് നേരത്തെ അനുവദിച്ച ബി.എസ്.എല്‍-3 ലാബിനായി കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ജില്ലയില്‍ മൂന്നാം തവണയാണ് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഫലപ്രഖ്യാപനത്തില്‍ വരുന്ന കാലതാമസം ഒഴിവാക്കാൻ ബി.എസ്.എല്‍-4 ലാബ് കോഴിക്കോടിന് അനിവാര്യമാണ്.

സാമ്ബിള്‍ പുണെ വൈറോളജി ലാബിലേക്കയച്ച്‌ ഫലം വരാൻ കാലതാമസം വരുന്നത് രോഗം സ്ഥിരീകരിക്കുന്നതിലും ചികിത്സ ആരംഭിക്കുന്നതിലും പ്രതിസന്ധിക്കിടയാക്കിയിരുന്നു.

ജില്ലയില്‍ കൂടുതല്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പുണെ വൈറോളജി ലാബിന്‍റെ മൊബൈല്‍ യൂനിറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയതോടെയാണ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായത്. നിപ ആവര്‍ത്തിക്കുമ്ബോഴും ജില്ലയില്‍ ലാബ് സൗകര്യം ഇല്ലാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *