പേവിഷബാധ: പ്രതിരോധം ഊര്‍ജിതമാക്കണം

September 25, 2023
30
Views

പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.എസ്.

ഷിനു അറിയിച്ചു.

കൊല്ലം: പേവിഷബാധമൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.എസ്.

ഷിനു അറിയിച്ചു. മൃഗങ്ങളുടെ കടിയേറ്റാല്‍ ഉടനെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകാനും പ്രതിരോധ കുത്തിവെപ്പെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യ രോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന രോഗവാഹകര്‍. പൂച്ച, കുറുക്കന്‍, അണ്ണാന്‍, കുതിര, വവ്വാല്‍ എന്നിവയും രോഗവാഹകരില്‍പെടും. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന പേവിഷബാധയുടെ വൈറസുകള്‍ മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍, നക്കല്‍ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മന നാഡിയേയും തലച്ചോറിനെയും ബാധിക്കും.

രോഗലക്ഷണങ്ങള്‍

തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് പ്രാരംഭ ലക്ഷണം, അതിനുശേഷം വെളിച്ചത്തോടും വായുവിനോടും വെള്ളത്തിനോടുമുള്ള ഭയം പ്രത്യക്ഷമാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ സാധാരണഗതിയില്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലര്‍ക്ക് നാല് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ പ്രകടമാകാം. ചിലപ്പോള്‍ ആറുവര്‍ഷം വരെ എടുത്തേക്കാം.

പ്രഥമ ശുശ്രൂഷ പ്രധാനം

പച്ച വെള്ളവും സോപ്പും ഉപയോഗിച്ച്‌ കടിയേറ്റ ഭാഗം 10-15 മിനിറ്റ് നന്നായി കഴുകുക. പൈപ്പില്‍നിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നത് ഉത്തമം. പേവിഷബാധയുടെ അണുക്കളില്‍ കൊഴുപ്പ് അധികമുണ്ട്.

ഇങ്ങനെ സോപ്പുപയോഗിച്ച്‌ കഴുകിയാല്‍ 99 ശതമാനം അണുക്കളും ഇല്ലാതാകും. ബീറ്റാഡിന്‍ ലോഷന്‍/ഓയിന്‍മെന്റ് ലഭ്യമാണെങ്കില്‍ മുറിവ് കഴുകിയശേഷം പുരട്ടാവുന്നതാണ്. മുറിവ് കെട്ടിവെക്കരുത്.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗവാഹകരായ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് രോഗപ്രതിരോധത്തില്‍ പ്രധാനമാണ്. വളര്‍ത്ത് മൃഗങ്ങള്‍ക്ക് ആറ് മാസം പ്രായമായാല്‍ ആദ്യ കുത്തിവെപ്പെടുക്കാം. പിന്നീട് ഓരോവര്‍ഷ ഇടവേളയില്‍ പ്രതിരോധകുത്തിവെപ്പെടുക്കണം. പേവിഷബാധക്ക് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാല്‍ കടിയോ മാന്തലോ പോറലോ ഏറ്റാല്‍ കുത്തിവെപ്പെടുക്കേണ്ടത് അനിവാര്യമാണ്.

പേവിഷബാധ പ്രതിരോധ ചികിത്സ മാനദണ്ഡങ്ങള്‍

കാറ്റഗറി 1- മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഇവക്ക് കുത്തിവെപ്പ് നല്‍കേണ്ടതില്ല. സോപ്പും ധാരാളം വെള്ളവുമുപയോഗിച്ച്‌ കഴുകുക.

കാറ്റഗറി 2- തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍. പ്രതിരോധകുത്തിവെപ്പെടുക്കണം.

കാറ്റഗറി 3 – രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്തെ നക്കല്‍, ചുണ്ടിലോ വായിലോ നക്കല്‍, വന്യമൃഗങ്ങളുടെ കടി ഇവക്ക് ഐ.ഡി.ആര്‍.വിയും റാബിസ് ഇമ്യൂണോഗ്ലോബുലിനും എടുക്കണം.

എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസ്സാരമായി കാണരുത്. നായ്ക്കള്‍ മനുഷ്യരുമായി വളരെ ഇണങ്ങി ജീവിക്കുമെങ്കിലും അവയെ ഭയപ്പെടുത്തുകയോ ദേഷ്യപ്പെടുത്തുകയോ ചെയ്താല്‍ കടിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളില്‍ നിന്നും അകലം പാലിക്കുക. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *