ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഗ്രീഷ്മ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കൊച്ചി: ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഗ്രീഷ്മ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മല്‍ കുമാരൻ തുടങ്ങിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കില്‍ മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയത്. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവശതകളോട് പൊരുതി അവസാനം ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാരോണിന്റെ മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പോലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസില്‍ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ വിഷം കൊടുത്തതാണെന്ന് തെളിഞ്ഞത്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നല്കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേര്‍ത്തത്.