ചെന്നൈ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാംജയം കുറിച്ച് ന്യൂസിലൻഡ്.
ചെന്നൈ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാംജയം കുറിച്ച് ന്യൂസിലൻഡ്. പരിക്ക് മാറി വീണ്ടും കളത്തിലെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണ് വീണ്ടും പരിക്കേറ്റത് ജയത്തിലും കിവീസിന് തിരിച്ചടിയായി.
78 റണ്ണുമായി മുന്നേറിയ വില്യംസണ് കൈവിരലിന് പരിക്കേറ്റ് മടങ്ങി. ബംഗ്ലാ ഫീല്‍ഡര്‍ പന്തെറിഞ്ഞത് കൈവിരലില്‍ കൊള്ളുകയായിരുന്നു. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പരിശോധനയിലേ വ്യക്തമാകൂ. അര്‍ധസെഞ്ചുറിയുമായി ഡാരില്‍ മിച്ചെലും (പുറത്താകാതെ 89) വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ന്യൂസിലൻഡ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. സ്കോര്‍: ബംഗ്ലാദേശ് ഒമ്ബതിന് 245. ന്യൂസിലൻഡ് രണ്ടിന് 248 (42.5).
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കിവീസ് ആദ്യ പന്തില്‍ത്തന്നെ ബംഗ്ലാ ഓപ്പണര്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കി. ട്രെന്റ് ബോള്‍ട്ടിനായിരുന്നു വിക്കറ്റ്. 56 റണ്ണെടുക്കുമ്ബോഴേക്കും നാല് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ നായകൻ ഷാക്കിബും (40) മുഷ്ഫിക്കര്‍ റഹിമും (66) ചേര്‍ന്നാണ് കരകയറ്റിയത്. വാലറ്റത്ത് മുഹമ്മദുള്ളയുടെ (പുറത്താകാതെ 41) പ്രകടനവും നിര്‍ണായകമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്ഗൂസൻ മികച്ച പ്രകടനം പുറത്തെടുത്തു. കിവികള്‍ അടുത്ത കളിയില്‍ 18ന് അഫ്ഗാനിസ്ഥാനെ നേരിടും.