ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ചന്ദ്രോപരിതലത്തില്‍ നിന്ന് വന്‍തോതില്‍ പൊടി അകന്നുമാറിയതിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഐ.എസ്.ആര്.ഒ.
ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ ചന്ദ്രോപരിതലത്തില്‍ നിന്ന് വന്‍തോതില്‍ പൊടി അകന്നുമാറിയതിന്റെ വിവരങ്ങള്‍ പങ്കുവെച്ച് ഐ.എസ്.ആര്.ഒ.
പൊടി അകന്നുമാറിയതിനെ തുടര്‍ന്ന് മനോഹരമായ വലയം സൃഷ്ടിക്കപ്പെടുകയും ചെയ്തു. വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ദക്ഷിണധ്രുവത്തിന് സമീപമുള്ള സ്ഥലത്തുനിന്ന് 108.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഏകദേശം 2.06 ടണ്‍ പൊടി (എപ്പിറെഗോലിത്ത്)യാണ് അകന്നുമാറിയത്.
വിക്രം ലാന്‍ഡര്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ചന്ദ്രോപരിതലത്തിലുള്ള പൊടി ഉയര്‍ന്നു പൊങ്ങിയതോടെ കൗതുകകരമായ ‘എജക്റ്റ ഹാലോ’ (പൊടിപടലങ്ങള്‍ കൊണ്ടുള്ള വലയം) സൃഷ്ടിക്കപ്പെട്ടതായി ഐ.എസ്.ആര്.ഒ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ഐ.എസ്.ആര്.ഒയുടെ ബെംഗളുരുവിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ശാസ്ത്രജ്ഞരാണ് ലാന്‍ഡറിന് ചുറ്റും രൂപപ്പെട്ട ഈ പ്രതിഭാസം നിരീക്ഷിച്ചത്.
ചന്ദ്രയാന്‍ രണ്ട് ഓര്‍ബറ്ററിലെ ഓര്‍ബിറ്റര്‍ ഹൈ റെസലൂഷന്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ പഠിച്ചാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം കണ്ടെത്തിയത്. വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നതിന് മുന്‍പും ശേഷവും ഒഎച്ച്ആര്‍സി എടുത്ത ലാന്‍ഡിങ് സ്ഥലത്തിന്റെ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് കണ്ടെത്തല്‍.