ശബരിമല : സുരക്ഷിതഗതാഗതത്തിന് വിപുലമായ ഒരുക്കങ്ങള്‍ – മന്ത്രി ആന്റണി രാജു

October 27, 2023
14
Views

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി.യുടെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ പമ്ബ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനും യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും പൊലീസ്, പൊതുമരാമത്ത്, ഫയര്‍ഫോഴ്സ്, ദേവസ്വം ബോര്‍ഡ്, ആരോഗ്യ വകുപ്പ്, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ശബരിമല സേഫ്സോണ്‍ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് വാഹനങ്ങളുടെയും യാത്രക്കാരുടെയും യാത്രസുഗമവും അപകടരഹിതവുമാക്കുന്നതിനാണ് ശബരിമല സേഫ് സോണ്‍ പ്രോജക് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായുള്ള നിരന്തര ഇടപെടലുകള്‍ കൊണ്ട് തീര്‍ത്ഥാടന കാലത്തെ റോഡ് അപകട തിരക്ക് വലിയതോതില്‍ കുറയ്ക്കുവാന്‍ സാധിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നതും ബ്രേക്ക് ഡൗണാകുന്നതുമായ വാഹനങ്ങള്‍ യഥാസമയം നീക്കി മറ്റു വാഹനങ്ങള്‍ക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനും സൗകര്യപ്രദമായ പാര്‍ക്കിംഗ് ഒരുക്കി ഗതാഗതക്കുരുക്കുകള്‍ യഥാസമയം പരിഹരിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാകുന്നതിനായി ലഘു വീഡിയോകള്‍ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സൈന്‍ ബോര്‍ഡുകളും റിഫ്ളക്ടറുകളും ബ്ലിങ്കറുകളും കോണ്‍വെക്സ് ദര്‍പ്പണങ്ങളും ഹെല്‍പ് ലൈന്‍ നമ്ബറുകളുള്ള ബോര്‍ഡുകളും വഴിയിലുടനീളം സ്ഥാപിച്ച്‌ വാഹനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തും. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവില്‍ കെഎസ്‌ആര്‍ടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധിക സര്‍വീസുകള്‍ നടത്തും. തിരക്കിനനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഡിസംബര്‍ അഞ്ചു വരെയുള്ള ആദ്യഘട്ടത്തില്‍ 140 ലോ ഫ്ളോര്‍ നോണ്‍ എ സി, 60 വോള്‍വോ ലോ ഫ്ളോര്‍ എസി, 15 ഡീലക്സ്, 245 സൂപ്പര്‍ഫാസ്റ്റ് – ഫാസ്റ്റ് പാസഞ്ചര്‍, 10 സൂപ്പര്‍ എക്സ്പ്രസ് , മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 473 ബസുകളും ഡിസംബര്‍ ആറു മുതലുള്ളരണ്ടാംഘട്ടത്തില്‍ 140 നോണ്‍ എ സി ലോ ഫ്ളോര്‍ , 60 വോള്‍വോ എ സി ലോ ഫ്ളോര്‍ , 285 ഫാസ്റ്റ് പാസഞ്ചര്‍ – സൂപ്പര്‍ ഫാസ്റ്റ്, 10 സൂപ്പര്‍ എക്സ്പ്രസ്, 15 ഡിലക്സ്, മൂന്നു ഷോര്‍ട്ട് വീല്‍ബേസ് എന്നിങ്ങനെ 513 ബസുകളും സര്‍വീസ് നടത്തും. മകരവിളക്ക് കാലഘട്ടത്തില്‍ വിവിധ ഇനത്തിലുള്ള 800 ബസുകള്‍ സര്‍വീസിനായി വിനിയോഗിക്കും.

ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലഘട്ടത്തില്‍ 14 സ്പെഷ്യല്‍ സര്‍വീസ് സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്ബ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം എന്നിവിടങ്ങളിലാണ് സ്പെഷ്യല്‍ സര്‍വീസ് സെന്ററുകള്‍. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളില്‍ നിന്നും ഡിമാന്‍ഡ് അനുസരിച്ച്‌ സര്‍വീസുകള്‍ ക്രമീകരിക്കും. 40-ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗ്രൂപ്പായി ബുക്ക് ചെയ്താല്‍ ഏത് സ്ഥലത്ത് നിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്ബ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി അയ്യപ്പഭക്തര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കും. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തര്‍ക്ക് പമ്ബയിലെ യൂ-ടേണ്‍ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച്‌ 10 ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തും.

ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ കെ എസ് ആര്‍ ടി സി ടിക്കറ്റുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യമൊരുക്കും. കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഹെല്‍പ് ഡെസ്‌ക്കും ആവശ്യാനുസരണം ചാര്‍ട്ടേഡ് ട്രിപ്പുകളും ക്രമീകരിക്കും.
ശബരിമല മഹോത്സവത്തോടനുബന്ധിച്ച്‌ കെ എസ് ആര്‍ ടി സിയുടെ കൂടുതല്‍ ബസുകള്‍ അറ്റകുറ്റപണികള്‍ തീര്‍ത്ത് സര്‍വീസിന് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ റോഡ് സുരക്ഷാ കമ്മീഷണറും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുമായ എസ്. ശ്രീജിത്ത്, ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, കെ എസ് ആര്‍ ടി സി സി എംഡി (ഇന്‍ ചാര്‍ജ് ) എസ്. പ്രമോജ് ശങ്കര്‍, ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ്- വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *