ലൈസൻസില്ലാത്ത 250 ടൂറിസ്റ്റ് താമസകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

November 5, 2023
16
Views

സൗദി അറേബ്യയില്‍ ടൂറിസം സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താൻ കര്‍ശന നടപടിയുമായി ടൂറിസം മന്ത്രാലയം.

യാംബു: സൗദി അറേബ്യയില്‍ ടൂറിസം സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താൻ കര്‍ശന നടപടിയുമായി ടൂറിസം മന്ത്രാലയം. ‘ഞങ്ങളുടെ അതിഥികള്‍ക്ക് മുൻഗണന’ ശീര്‍ഷകത്തിലുള്ള കാമ്ബയിനിന്റെ ഭാഗമായി രാജ്യത്തെ വിനോദസഞ്ചാരികളുടെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളില്‍ പരിശോധന തുടരുകയാണ്.

ഇതിനകം നടന്ന 9,260ലധികം പരിശോധനകളില്‍ അനധികൃതമായും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ കണ്ടെത്തി. വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ലൈസൻസില്ലാതെ പ്രവര്‍ത്തിച്ച 250 ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ മന്ത്രാലയം അടച്ചുപൂട്ടി.

ടൂറിസം നിയമത്തിനും പുതുതായി പുറപ്പെടുവിച്ച ചട്ടങ്ങള്‍ക്കും അനുസൃതമായി ഈ മേഖലയിലെ ഓപറേറ്റര്‍മാര്‍ക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാൻ മന്ത്രാലയം മൂന്നു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചു. രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമുള്ള അനുഭവത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന തരത്തില്‍ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

മന്ത്രാലയം നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍ ശരിയാക്കി ആവശ്യമായ ലൈസൻസുകള്‍ ലഭ്യമാകുന്നതുവരെ അടച്ചുപൂട്ടിയവ തുറക്കാനാവില്ല. ലൈസൻസുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിനോദസഞ്ചാര മേഖലയിലേക്ക് തദ്ദേശീയ, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും കൂടി അധികൃതര്‍ ലക്ഷ്യംവെക്കുന്നു.

സൗദിയുടെ സമ്ബൂര്‍ണ വികസന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങളില്‍ ഒന്നായ സുസ്ഥിര ടൂറിസം മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണങ്ങളുമായി മന്ത്രാലയം നടപടികള്‍ക്കൊരുങ്ങുന്നത്. 2030ഓടെ രാജ്യത്തേക്ക് 15 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിവരുകയാണ്.

എല്ലാ ടൂറിസം സേവനദാതാക്കളും സേവനങ്ങളുടെ ഗുണനിലവാരത്തിന് നിശ്ചയിക്കപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കേണ്ടതും വിനോദ സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും സംതൃപ്തിയും സുരക്ഷയും ഉറപ്പാക്കേണ്ടതും നിര്‍ബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി രംഗത്തെ ജോലികളില്‍ ഉന്നത, സ്പെഷലിസ്റ്റ് തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ്. തസ്തികകളില്‍ സ്വദേശി യുവതീയുവാക്കളെ നിയമിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിലവിലുള്ള നിര്‍ദേശം.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *