മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ഇന്ന് പൂയം തൊഴല്‍.
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ ഇന്ന് പൂയം തൊഴല്‍. നിലവറയില്‍ നിത്യവാസം ചെയ്യുന്ന നാഗരാജാവായ അനന്ത സങ്കല്‍പത്തിലുള്ള തിരുവാഭരണമാണ് ഇന്ന് ക്ഷേത്ര ശ്രീകോവിലില്‍ ഭഗവാന് ചാര്‍ത്തുന്നത്.
രാവിലെ 9.30 മുതല്‍ സര്‍പ്പയക്ഷിയമ്മയുടെയും നാഗരാജാവിന്റെയും ശ്രീകോവിലുകളില്‍ ചതുശത നിവേദ്യത്തിന് ശേഷം തിരുവാഭരണം ചാര്‍ത്തി നടത്തുന്ന പൂയം നാളിലെ ഉച്ചപൂജ ദര്‍ശന പ്രധാനമാണ്. വൈകിട്ട് അഞ്ചിനാണ് പൂയംതൊഴല്‍. ആയില്യം മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ഉത്സവങ്ങള്‍ക്ക് മുന്നോടിയായുള്ള പൂജകള്‍ ഇന്നലെ അവസാനിച്ചു. എരിങ്ങാലപ്പള്ളി കാവിലെ ഉള്‍പ്പെടെയുള്ള പൂജകളാണ് അവസാനിച്ചത്. ക്ഷേത്രത്തിലെ തെരക്ക് നിയന്ത്രിക്കാനായി പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹരിപ്പാട് ടൗണ്‍ഹാള്‍ ജങ്‌ഷന്‍ മുതല്‍ പോലീസ് ഗതാഗതം നിയന്ത്രിക്കും. അഗ്നിരക്ഷാസേന ആരോഗ്യവകുപ്പ്, നഗരസഭ, ആംബുലന്‍സ് സേവനങ്ങള്‍ ക്ഷേത്രത്തില്‍ ലഭ്യമാണ്. വാഹന ഗതാഗതം അനിയന്ത്രിതമായാല്‍ വണ്‍വേ സംവിധാനം ഉള്‍പ്പെടെ വേണ്ടി വരുമെന്നും പോലീസ് അറിയിച്ചു. അങ്ങനെയെങ്കില്‍ ഹരിപ്പാട് ടൗണ്‍ഹാള്‍ ജങ്‌ഷന്‍ മുതല്‍ മണ്ണാറശാല ക്ഷേത്രം വരെയുള്ള റോഡ് വണ്‍വേയാകും.
ആയില്യം നാളില്‍ നാഗഭൈരവി സംഗീത സമന്വയം
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് നാളെ രാവിലെ 10 ന് തിരുവനന്തപുരം കലാനിധി അവതരിപ്പിക്കുന്ന നാഗദൈരവി-സംഗീത സമന്വയം അരങ്ങേറും. പിന്നണി ഗായിക പ്രഫ.എന്‍.ലതിക ഉദ്‌ഘാടനം ചെയ്യും. നടന്‍ സന്തോഷ്‌കുറുപ്പ്, പിന്നണി ഗായകരായ രവിശങ്കര്‍, രഞ്‌ജിനിസുധീരന്‍, മഹേന്ദ്രന്‍.കെ.പൊതുവാള്‍, തേക്കടി രാജന്‍, രാധിക.എസ്.നായര്‍, വിദ്യാഅജിത്ത്, കലാനിധി പ്രതിഭകളായ ആവന്തിക, സായി പൗര്‍ണമി, കീര്‍ത്തനാരാജേഷ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും. കലാനിധി സ്‌ഥാപകനായ പ്രഫ.മൂഴിക്കുളം വി.ചന്ദ്രശേഖരപിള്ള രചിച്ച സുമാഞ്‌ജലി എന്ന കവിതാ സമാഹാരത്തിലെ അമ്മ അമ്ബലത്തിലേക്ക് എന്ന കവിത മുട്ടറ ബി.എന്‍.രവീന്ദ്രന്റെ സംഗീതത്തില്‍ അക്ഷിത്.കെ.അജിത്ത് വേദിയില്‍ ആലപിക്കുമെന്ന് കലാനിധി ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിജ് ട്രസ്‌റ്റി ഗീതാരാജേന്ദ്രന്‍ അറിയിച്ചു.
മണ്ണാറശാലയുടെ സായംസന്ധ്യയില്‍ ദീപങ്ങള്‍ തെളിഞ്ഞു
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തില്‍ പുണര്‍ത ദിനമായ ഇന്നലെ മഹാദീപക്കാഴ്‌ച നടന്നു. മഴ മാറി നിന്ന സായംസന്ധ്യയില്‍ മണ്ണാറശാലയിലെ ഇളയ കാരണവര്‍ എം.കെ.കേശവന്‍ നമ്ബൂതിരി നാഗരാജാവിന്റെ നടയ്‌ക്ക് മുന്നില്‍ ഒരുക്കിയ വിളക്കില്‍ ദീപം തെളിച്ച് ദീപക്കാഴ്‌ചയ്‌ക്കും ആയില്യം മഹോത്സവത്തിനും തുടക്കം കുറിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി സജ്‌ജീകരിച്ചിരുന്ന ദീപങ്ങള്‍ തെളിക്കാന്‍ നൂറുകണക്കിന് ഭക്‌തരാണ് ക്ഷേത്രത്തില്‍ എത്തിയത്.
….മണ്ണാറശാലയില്‍ ഇന്ന്…
പുലര്‍ച്ചെ 5.30 ന് ഹരിനാമകീര്‍ത്തനം, 6.30 ന് ഭാഗവതപാരായണം, 8.30 ന് അഷ്‌ടപദി, രാവിലെ 9.30 ന് നാഗരാജാവിനും സര്‍പ്പയക്ഷിയമ്മയ്‌ക്കും തിരുവാഭരണം ചാര്‍ത്തി ചതുശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ, 9.30 ന് ഹരിനാമസങ്കീര്‍ത്തനാമൃതം, 11 മുതല്‍ യു.പി സ്‌കൂളില്‍
പ്രസാദമൂട്ട്, ഉച്ചയ്‌ക്ക് 12 ന് പുരാണ കഥാഖ്യാനം, ഉച്ച കഴിഞ്ഞ് മൂന്നിന് നാരായണീയ പാരായണം, 5.30 ന് സോപാനസംഗീതലയം, രാത്രി ഏഴിന് സാമ്ബ്രദായിക് ഭജന്‍സ്.