ഒമാനിലെ ഖരീഫ് 2023 സീസണില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.
മസ്‌കറ്റ്: ഒമാനിലെ ഖരീഫ് 2023 സീസണില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 2022ലെ ഖരീഫ് കാലഘട്ടത്തില്‍ എത്തിയിരുന്ന 813,000 സന്ദര്‍ശകരെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ഖരീഫ് 2023 സീസണില്‍ 18.4 ശതമാനം വര്‍ദ്ധനവാണ് രേഖപെടുത്തിയിട്ടുള്ളത്.
ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ചു ഈ വര്‍ഷം 962,000 സന്ദര്‍ശകരാണ് എത്തിയിട്ടുള്ളത്.
സലാലയില്‍ എത്തിയ സന്ദര്‍ശകര്‍ ചെലവാക്കിയ തുകയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം 103 ദശലക്ഷം ഒമാനി റിയാല്‍ ആണ് സന്ദര്‍ശകര്‍ ചിലവാക്കിയിട്ടുള്ളത്. 2022 ല്‍ 86 ദശലക്ഷം ഒമാനി റിയാലായിരുന്നു. 2022 കാലയളവില്‍ 6 ദശലക്ഷം രാത്രികളാണ് ദോഫാര്‍ ഗവര്‍ണറേറ്റില്‍ താമസിച്ചിട്ടുള്ളത്. എന്നാല്‍ 2023 ഇത് സന്ദര്‍ശകര്‍ ഗവര്‍ണറേറ്റില്‍ തങ്ങിയ രാത്രികളുടെ എണ്ണം 7 ദശലക്ഷമായി വര്‍ദ്ധിച്ചുവെന്ന്
ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്.
ദോഫാര്‍ ഗവര്‍ണറേറ്റില്‍ എത്തിയ സന്ദര്‍ശകരില്‍ 69.2 ശതമാനം ഒമാന്‍ സ്വദേശികളായിരുന്നു. കണക്കുകള്‍ പ്രകാരം 666,307 സ്വദേശികളാണ് 2023 ലെ ഖരീഫ് കാലാവസ്ഥയില്‍ ദോഫാര്‍ ഗവര്ണറേറ്റു മേഖലയില്‍ സന്ദര്‍ശകരായി എത്തിയിട്ടുള്ളത്. അതേസമയം, മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നും എത്തിയത് 190,853 സന്ദര്‍ശകരാണ്, അതായത് എത്തിയ സന്ദര്‍ശകരില്‍ 19.8 ശതമാനം എന്നതാണെന്നാണ് സൂചിപ്പിക്കുന്നത്