മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റ് ഉടൻ പ്രവര്‍ത്തനം ആരംഭിക്കും.
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റ് ഉടൻ പ്രവര്‍ത്തനം ആരംഭിക്കും.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ സംവിധാനം ഈ ആഴ്ച തന്നെ നടപ്പില്‍ വരും. പഴയ ഇ-ഗേറ്റില്‍നിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകള്‍ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാൻ എയര്‍പോര്‍ട്ട് സി.ഇ.ഒ ശൈഖ് ഐമൻ അല്‍ ഹൂത്തി പറഞ്ഞു.
ആഗമന, നിഗമന വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തില്‍ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനില്‍ പ്രവേശിക്കാൻ കഴിയും. ഒമാനില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പഴയ നടപടി ക്രമങ്ങള്‍ തന്നെയായിരിക്കും. 2008ല്‍ പഴയ വിമാനത്താവളത്തിലാണ് ആദ്യത്തെ ഇ-ഗേറ്റ് ആരംഭിച്ചത്. ഒമാനിലേക്ക് വരുന്നവര്‍ക്കും പുറത്തു പോവുന്നവര്‍ക്കും ഐ.ഡി കാര്‍ഡോ റസിഡന്റ് കാര്‍ഡോ ഉപയോഗപ്പെടുത്താമായിരുന്നു.
ഇ- ഗേറ്റുകള്‍ നിലവില്‍ വന്നതോടെ യാത്ര ഏറെ സുഗമമാവുകയും പാസ്പോര്‍ട്ടില്‍ വിസ അടിക്കുന്നതിന് നീണ്ട സമയം കാത്തിരിക്കാതെ എളുപ്പത്തില്‍ ഗേറ്റുകള്‍ വഴി ഒമാനിലേക്ക് വരുകയോ പുറത്ത് പോവുകയോ ചെയ്യാമായിരുന്നു.