പിഎം കിസാന്‍ തുക 12000 ആക്കും; പെട്രോള്‍ വില കുറയ്ക്കും, വന്‍ പ്രഖ്യാപനവുമായി മോദി

November 21, 2023
40
Views

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ പ്രഖ്യാപനം.

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വന്‍ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം കിട്ടുന്ന തുക വര്‍ധിപ്പിക്കും.

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി വന്‍ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്‍.

ഈ മാസം 25നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടാണ് മല്‍സരം. ചെറുപാര്‍ട്ടികള്‍ മല്‍സരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുന്നതാണ് രാജസ്ഥാനിലെ രീതി. എന്നാല്‍ ഇത്തവണ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ഭരണവിരുദ്ധ വികാരമില്ല എന്നതാണ് ശ്രദ്ധേയം. പക്ഷേ, കോണ്‍ഗ്രസിലെ കലഹമാണ് വെല്ലുവിളി.

നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. നരേന്ദ്ര മോദി സംസ്ഥാനത്ത് ക്യാമ്ബ് ചെയ്ത് പ്രചാരണം നടത്തുകയാണ്. ഇന്ന് ഹനുമാന്‍ഗഡില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിയുടെ വന്‍ പ്രഖ്യാപനം. പിഎം കിസാന്‍ യോജനയ്ക്ക് കീഴില്‍ ലക്ഷക്കണക്കിന് കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവര്‍ക്ക് നിലവില്‍ പ്രതിവര്‍ഷം 6000 രൂപയാണ് നല്‍കുന്നത്. ഇത് 12000 ആക്കി ഉയര്‍ത്തുമെന്നാണ് മോദിയുടെ വാഗ്ദാനം. മൂന്ന് മാസത്തിലൊരിക്കലാണ് ഘടുവായി തുക അനുവദിക്കുക. രാജസ്ഥാനില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ പ്രതിവര്‍ഷം ഇനി 12000 രൂപ ലഭിക്കുമെന്ന് മോദി പറഞ്ഞു. ആറായിരം രൂപ സംസ്ഥാന സര്‍ക്കാരായിരിക്കും അനുവദിക്കുക എന്നും അദ്ദേഹം സൂചിപ്പിച്ചു.

കര്‍ഷകരില്‍ നിന്ന് നേരിട്ട് വിളകള്‍ വാങ്ങാനും താങ്ങുവില നല്‍കാനും രാജസ്ഥാനിലെ ബിജെപി തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ മോദി, മറ്റൊരു ബോണസ് കൂടി നിങ്ങള്‍ക്ക് ലഭിക്കുമെന്നും അറിയിച്ചു. ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഇന്ധന വിലയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വില താരതമ്യം ചെയ്തായിരുന്നു മോദിയുടെ വാക്കുകള്‍.

ബിജെപി ഭരിക്കുന്ന അയല്‍ സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും 13 രൂപ വരെ കുറവാണ്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിലയില്‍ ഇളവ് നല്‍കിയിട്ടില്ല. ഉയര്‍ന്ന വിലയ്ക്കാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പെട്രോള്‍ വില്‍ക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ വില കുറയ്ക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *