പെരിങ്ങത്തൂരില്‍ നിന്ന് പിടികൂടി കൂട്ടിലാക്കിയ പുള്ളിപ്പുലി ചത്തു
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് പിടികൂടി കൂട്ടിലാക്കിയ പുള്ളിപ്പുലി ചത്തു. കാരണം വ്യക്തമല്ല. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ഇന്ന് രാവിലെയാണ് പുലി കിണറ്റില്‍ വീണത്.
വലയിലാക്കി പകുതി ദൂരം ഉയര്‍ത്തിയ ശേഷം മയക്കുവെടി വച്ചാണ് പുലിയെ പുറത്തെടുത്തത്. പിന്നീട് പുലിയെ സമീപം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റിയിരുന്നു. കൂട്ടിലാക്കി അല്പസമയത്തിനകം ചത്തു. നാളെ വയനാട്ടില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നാണ് വിവരം.
അണിയാരം മാമക്കണ്ടി പീടികയില്‍ സുധിയുടെ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കിണറ്റിലാണ് പുലി വീണത്. രാവിലെ പത്ത് മണിയോടെയയിരുന്നു സംഭവം. രണ്ടര കോല് വെള്ളമുണ്ടായിരുന്ന കിണറ്റില്‍ നിന്ന് വെള്ളമെല്ലം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാൻ ഡിഎഫ്ഒ ഉത്തരവിട്ടത്. തുടര്‍ന്നാണ് പുലിയെ പുറത്തിറക്കിയത്.
വയനാട്ടില്‍ നിന്നും വെറ്ററിനറി സര്ജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തില്‍ മയക്കുവെടിവച്ചാണ് പുലിയെ പിടിച്ചത്. ജനവാസം ഏറിയ പെരിങ്ങത്തൂരില്‍ പുഴ വഴിയാകാം പുലിയുടെ വരവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പുറത്തെടുത്ത പുലിയെ വയനാട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം.