തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായ വെഞ്ഞാറമൂട് സ്വദേശിനി ഷഹാന (27) യുടെ മരണം
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടറായ വെഞ്ഞാറമൂട് സ്വദേശിനി ഷഹാന (27) യുടെ മരണം അമിതമായി അനസ്തേഷ്യ മരുന്ന് ഉള്ളില്‍ ചെന്നത് മൂലമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞദിവസം രാത്രിയാണ് ഷഹാനയെ മെഡിക്കല്‍ കോളജിന് സമീപത്തെ ഇവര്‍ താമസിക്കുന്ന ഒരു ഫ്ലാറ്റിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. ഡോക്ടറുടെ വിവാഹം നിശ്ചയിച്ചിരുന്നു എന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് സൂചന.
ഫ്ലാറ്റിനുള്ളില്‍ മുറിയില്‍ ബോധരഹിതയായി കിടന്ന ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ശരീരത്തില്‍ അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണ കാരണമായത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത് എന്നും ഡോക്ടറുടെ ബന്ധുക്കള്‍ പരാതി നല്കിയാല് മാത്രമേ കൂടുതല്‍ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നുമാണ് മെഡിക്കല്‍ കോളജ് സി.ഐ വ്യക്തമാക്കിയത്.
ഷഹാനയുടെ മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പിന് സമാനമായ കത്ത് കണ്ടെത്തിയിരുന്നു. ‘എല്ലാവര്ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്ന് കുറിപ്പില്‍ എഴുതിയിരുന്നു. ഷഹാന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടര്‍ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചിരുന്നു.