തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിന് ശബരിമല സന്നിധാനത്ത് കനിവ് 108 സ്പെഷ്യല്‍ റസ്ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കും
തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായത്തിന് ശബരിമല സന്നിധാനത്ത് കനിവ് 108 സ്പെഷ്യല്‍ റസ്ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കും എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കഴിഞ്ഞദിവസം അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്ബ മുതല്‍ സന്നിധാനം വരെ സേവനം നടത്തുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
നിലവില്‍ പമ്ബയില്‍ സേവനം നടത്തുന്ന ആംബുലൻസിന്റെ 4 *4 റെസ്ക്യൂ വാനില്‍ അടിയന്തര വൈദ്യസഹായം നല്‍കാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. ദുര്‍ഘടപാതകളില്‍ അനായാസം സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തില്‍ രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമര്‍ജൻസി മെഡിക്കല്‍ ടെക്നീഷ്യന്റെ സേവനവും ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം ഒരുക്കുന്നതിന് ആരോഗ്യവകുപ്പിന്റെയും കനിവ് 108 ആംബുലൻസിന്റെയും പുറമേ കനിവ് 108 റാപ്പിഡ് ആക്ഷൻ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചിരുന്നു.
ശബരിമലയ്‌ക്കായി ഇടുങ്ങിയ പാതകളില്‍ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡര്‍ ആംബുലൻസ്, ദുര്‍ഘടപാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4*4 റസ്ക്യൂ വാൻ, ഐസിയു ആംബുലൻസ് എന്നിവയും ആണ് സജ്ജമാക്കിയത്.