സാമ്ബത്തിക പ്രതിസന്ധിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ കൊമ്ബുകോര്‍ക്കലുകള്‍ക്കു പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ സാമ്ബത്തികമായി ഞെരുക്കുന്നെന്ന ഹരജിയുമായി കേരളം സുപ്രീംകോടതിയില്‍.
തിരുവനന്തപുരം: സാമ്ബത്തിക പ്രതിസന്ധിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ കൊമ്ബുകോര്‍ക്കലുകള്‍ക്കു പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ സാമ്ബത്തികമായി ഞെരുക്കുന്നെന്ന ഹരജിയുമായി കേരളം സുപ്രീംകോടതിയില്‍.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളില്‍ ഇടപടല്‍ ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് നിലപാട് തേടിയത് സംബന്ധിച്ച് വിവാദങ്ങള്‍ കനക്കുന്നതിനിടെയാണ് കേന്ദ്രത്തെ വിമര്‍ശിച്ചുള്ള സംസ്ഥാന നീക്കം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ സുപ്രീംകോടതിക്ക് ഇടപെടാമെന്ന 131ാം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിന്‍റെ ഹരജി. സംസ്ഥാനത്തിന്‍റെ സാമ്ബത്തിക സ്വയംഭരണ അവകാശത്തില്‍ കേന്ദ്രം ഇടപെടുന്നത് തടയണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി തകര്‍ക്കുകയാണ്.
വായ്പ പരിധി വെട്ടിക്കുറച്ചതുവഴി സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ നേരിടുകയാണ്. പരിധികള്‍ മറികടന്ന് കേന്ദ്രം കടമെടുക്കുമ്ബോഴാണ് കേരളത്തെ ഞെരുക്കുന്നത്. ബജറ്റിനുപുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപവത്കരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്‍റെ ബാധ്യതയാക്കി മാറ്റിയാണ് വായ്പപരിധി വെട്ടിക്കുറച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി 26,000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനം അതിഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവെച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതില്‍ അനുകൂല വിധിയുണ്ടായതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരായ നിയമപോരാട്ടം. മുതിര്‍ന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്‍റെ ഉപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഹരജി.
സംസ്ഥാനത്തിന്‍റെ സാമ്ബത്തിക പ്രതിസന്ധി മുൻനിര്‍ത്തി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 (1) പ്രകാരം സാമ്ബത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ലഭിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ സാമ്ബത്തിക അടിയന്തരാവസ്ഥ നീക്കങ്ങള്‍. സാമ്ബത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുകയാണെന്ന് കഴിഞ്ഞമാസം ഹൈകോടതിയില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതുകൂടി ആയുധമാക്കിയാണ് ഗവര്‍ണറുടെ നീക്കം.