യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ജയിലില്‍ പോകാനും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസിനെന്ന് സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ അതിക്രമങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഷാഫി പറമ്ബില്‍ എംഎല്‍എ, എം വിന്‍സെന്റ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിനെയും നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്താണ് സംഭവിച്ചതെന്ന് ജനങ്ങളെ ബോധിപ്പിക്കാനുള്ള പരിപാടികളും കെപിസിസി ആസൂത്രണം ചെയ്യും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
വി ഡി സതീശന്‍, ശശി തരൂര്‍ അടക്കമുള്ളവരും കേസില്‍ പ്രതികളാണ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. പൊലീസ് അതിക്രമത്തിനെതിരെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് സുധാകരന്‍ പരാതി നല്‍കിയിട്ടുണ്ട്. കേരള പൊലീസ് ലോക്സഭാ അംഗമെന്ന നിലയിലുള്ള തന്റെയും സഹപ്രവര്‍ത്തകരായ മറ്റ് ലോക്സഭാ അംഗങ്ങളുടെയും അവകാശത്തെ ലംഘിച്ചുവെന്നും കരുതിക്കൂട്ടി അപമാനിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.