നേപ്പാളിലെ പൊഖാറയില്‍ ഈ വര്‍ഷം ആദ്യം ഇന്ത്യക്കാര്‍ ഉള്‍പ്പടെ 72 പേര്‍ കൊല്ലപ്പെട്ട യെതി എയര്‍ലൈൻസിന്‍റെ വിമാനം തകര്‍ന്നത് മാനുഷിക പിഴവ് കാരണമെന്ന് റിപ്പോര്‍ട്ട്.
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയില്‍ ഈ വര്‍ഷം ആദ്യം ഇന്ത്യക്കാര്‍ ഉള്‍പ്പടെ 72 പേര്‍ കൊല്ലപ്പെട്ട യെതി എയര്‍ലൈൻസിന്‍റെ വിമാനം തകര്‍ന്നത് മാനുഷിക പിഴവ് കാരണമെന്ന് റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച് അഞ്ചംഗ അന്വേഷണ കമ്മീഷൻ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ജനുവരി 15നാണ് അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യെതി എയര്‍ലൈൻസിന്‍റെ വിമാനം തകര്‍ന്നത്. പൊഖാറയില്‍ ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപാണ് യെതി എയര്‍ലൈൻസിന്‍റെ 9എൻ-എഎൻസി എടിആര്‍-72 വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നു വീണത്. അഭിഷേക് കുശ്‍വാഹ (25), ബിഷാല്‍ ശര്‍മ (22), അനില്‍ കുമാര്‍ രാജ്ഭാര്‍ (27), സോനു ജയ്സ്വാള്‍ (35), സഞ്ജയ് ജയ്സ്വാള്‍ (26) എന്നിവരാണ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാര്‍.
അപകടം നടന്ന ദിവസം തന്നെ സര്‍ക്കാര്‍ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. മുൻ സെക്രട്ടറി നാഗേന്ദ്ര പ്രസാദ് ഗിമിറെയുടെ ഏകോപനത്തില്‍ രൂപവത്കരിച്ച കമ്മിഷൻ സാംസ്കാരിക, ടൂറിസം, വ്യോമയാന മന്ത്രി സുഡാൻ കിരാതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.