ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യന്‍ ടീം നാളെ ഖത്തറിലെത്തും.
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യന്‍ ടീം നാളെ ഖത്തറിലെത്തും. 24 ടീമുകളില്‍ ആദ്യമെത്തുന്നത് ഇന്ത്യയാണ്. ഇന്ത്യൻ സൂപ്പര്‍ ലീഗ് സീസണിന്റെ ആദ്യ ഘട്ട മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച ലോങ് വിസില്‍ മുഴങ്ങിയതിനു പിന്നാലെയാണ് ഏഷ്യൻ കപ്പിനുള്ള സാധ്യതാ ടീമുമായി കോച്ച് ഇഗോര്‍ സ്റ്റിമാകും സംഘവും ദോഹയിലേക്ക് വിമാനം കയറുന്നത്.
ശനിയാഴ്ച ഡല്‍ഹി വഴി വൈകുന്നേരത്തോടെ ടീം ദോഹ ഹമദ് വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഖത്തറിലെ ഇന്ത്യൻ ഫുട്ബാള്‍ ആരാധകരുടെയും, ഇന്ത്യൻ എംബസി അനുബന്ധ സംഘടകനയായ ഇന്ത്യൻ സ്പോര്‍ട്സ് സെന്ററിന്റെയും നേതൃത്വതില്‍ വിമാനത്താവളത്തില്‍ തന്നെ വലിയ വരവേല്‍പ്പായിരിക്കും സുനില്‍ ഛേത്രിയെയും സംഘത്തെയും കാത്തിരിക്കുന്നത്.
ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പില്‍ 13നാണ് ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ ആസ്ട്രേലിയയാണ് ആദ്യ എതിരാളി. പിന്നാലെ, 18ന് ഉസ്ബെകിസ്താനെയും 23ന് സിറിയയെയും നേരിടും. 30 അംഗ സംഘവുമായാണ് ഇന്ത്യ വരുന്നത്. ജനുവരി മൂന്നിന് മുമ്ബായി 26 അംഗ സംഘത്തെ പ്രഖ്യാപിക്കും.സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെ.പി എന്നീ മലയാളി താരങ്ങളാണ് ടീമിലുള്ളത്.