ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും.
ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും. ആഴ്ചയില്‍ രണ്ടു വീതം സര്‍വീസുകളായിരിക്കും ഉണ്ടാകുക.
ഒമാന്‍ എയറുമായി സഹകരിച്ചാണ് സലാം എയര്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുക.
ബുധൻ, ഞായര്‍ ദിവസങ്ങളില്‍ മസ്കത്തില്‍നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച 3.25ന് തിരുവനന്തപുരത്തെത്തും. ശരാശരി 42 റിയാലാണ് വെബ്സൈറ്റില്‍ ടിക്കറ്റ് നിരക്ക് . ഇതില്‍ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാല്‍ അധികം നല്‍കിയാല്‍ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയര്‍ത്താനും സാധിക്കും.
എന്നാല്‍, ഫെബ്രുവരിയില്‍ 60 റിയാലിന് മുകളിലായി ടിക്കറ്റ് നിരക്ക് ഉയരുന്നുണ്ട്. മാര്‍ച്ചില്‍ 80 റിയാലായും വര്‍ധിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്ന് മസ്കത്തിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസ്. പുലര്‍ച്ച 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തില്‍ എത്തും.
അധിക ദിവസവും ഏകദേശം 60 റിയാലാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരിയില്‍ ഇത് 64 റിയാല്‍ വരെ എത്തുന്നുണ്ട്. കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നോ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കും മസ്കത്തില്‍ നിന്ന് നേരിട്ടും സലാം എയര്‍ സര്‍വിസുകള്‍ തുടങ്ങിയിട്ടുണ്ട്.