സൗദിയില്‍ ആസ്ഥാനമില്ലാത്ത വിദേശ കമ്ബനികള്‍ക്ക് ഇനി സര്‍ക്കാര്‍ കരാറുകളില്ല

January 3, 2024
21
Views

സൗദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനമില്ലാത്ത വിദേശ കമ്ബനികളുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുന്ന നടപടികള്‍ക്ക് തുടക്കം.

റിയാദ്: സൗദി അറേബ്യയില്‍ പ്രാദേശിക ആസ്ഥാനമില്ലാത്ത വിദേശ കമ്ബനികളുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുന്ന നടപടികള്‍ക്ക് തുടക്കം.

അന്താരാഷ്ട്ര കമ്ബനികള്‍ക്ക് സ്വന്തം പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ സൗദി അനുവദിച്ച സമയപരിധി ജനുവരി ഒന്നിന് അവസാനിച്ചിരുന്നു. കമ്ബനികള്‍ ആസ്ഥാനം മാറ്റിയില്ലെങ്കില്‍ സര്‍ക്കാറുമായുള്ള കരാര്‍ നഷ്ടമാകുമെന്ന് ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു. 2024ന്റെ തുടക്കം മുതല്‍ രാജ്യത്തിനു പുറത്ത് പ്രാദേശിക ഓഫിസുകള്‍ സ്ഥാപിക്കുന്ന വിദേശ കമ്ബനികളുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ 2021 ഫെബ്രുവരിയിലാണ് തീരുമാനിച്ചത്.

‘മധ്യപൂര്‍വേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും ശാഖകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും പിന്തുണയും മാനേജ്മെൻറും തന്ത്രപരമായ ദിശാബോധവും നല്‍കുന്ന ഒരു ഓഫിസ്’ എന്നാണ് നിക്ഷേപ മന്ത്രാലയം കമ്ബനിയുടെ പ്രാദേശിക ആസ്ഥാനം എന്നതുകൊണ്ട് നിര്‍വചിക്കുന്നത്. ‘വിഷൻ 2030’ന് അനുസൃതമായി നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമ്ബത്തിക ചോര്‍ച്ച കുറക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു ചുവടുവെപ്പാണിത്. വിദേശ കമ്ബനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി നിക്ഷേപ മന്ത്രാലയവും റിയാദ് നഗരത്തിനായുള്ള റോയല്‍ കമീഷനും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഈ സംരംഭത്തില്‍ സര്‍ക്കാറുമായോ അതിന്റെ ഏതെങ്കിലും ഏജൻസിയുമായോ അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സംരംഭങ്ങളും സ്ഥാപനങ്ങളും ഫണ്ടുകളും ഉള്‍പ്പെടും. എന്നാല്‍ ഇത് ഒരു നിക്ഷേപകനെയും സൗദി സമ്ബദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നതിനോ സ്വകാര്യ മേഖലയുമായി ഇടപെടുന്നതിനോ ഉള്ള ശേഷിയെ ഇത് ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ സൗദിയിലേക്ക് ആകര്‍ഷിക്കപ്പെട്ട ബഹുരാഷ്ട്ര കമ്ബനികളുടെ എണ്ണം 180ലധികമെത്തി. അവരുടെ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാൻ ലൈസൻസ് അനുവദിച്ചു. 160 കമ്ബനികളെയാണ് ലക്ഷ്യമിട്ടിരുന്നത്. രാജ്യത്തിന്റെ ലക്ഷ്യം മറികടക്കുന്നതാണ് സൗദിയിലേക്ക് ആകര്‍ഷിക്കുന്ന കമ്ബനികളുടെ എണ്ണത്തിലുള്ള വര്‍ധന സൂചിപ്പിക്കുന്നത്. ഇനിയും കൂടുതല്‍ കമ്ബനികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കമാണ് നടക്കുന്നത്. ഇതിന് വലിയ പ്രോത്സാഹനവുമായി സാമ്ബത്തിക, നിക്ഷേപ മന്ത്രാലയങ്ങള്‍ രംഗത്തുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ നിക്ഷേപ മന്ത്രാലയം സാമ്ബത്തിക മന്ത്രാലയത്തിന്റെയും സകാത്ത്- നികുതി- കസ്റ്റംസ് അതോറിറ്റിയുടെയും സഹകരണത്തോടെ വിദേശ കമ്ബനികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് പരിപാടിയെ പിന്തുണക്കുന്നതിനായി 30 വര്‍ഷത്തേക്ക് ഒരു പുതിയ നികുതി ഇൻസെൻറീവ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര കമ്ബനികള്‍ക്ക് സൗദി അറേബ്യയില്‍ തങ്ങളുടെ പ്രാദേശിക ആസ്ഥാനം തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമാണിത്.

ഇതിനുപുറമെ സാമ്ബത്തിക, നിക്ഷേപ മന്ത്രാലയങ്ങള്‍ മറ്റ് നിരവധി പ്രോത്സാഹനങ്ങളാണ് നല്‍കുന്നത്. ഡിസംബര്‍ 31ന് സൗദിയിലേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റുന്നതിന് വിദേശ കമ്ബനികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള സമയപരിധിയില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സാമ്ബത്തിക-ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ ഇബ്രാഹിം കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തില്‍ ഫ്യൂച്ചര്‍ ഇൻവെസ്റ്റ്മെൻറ് ഇനീഷ്യേറ്റിവില്‍ വ്യക്തമാക്കിയിരുന്നു. സൗദി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും എണ്ണയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന് നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ സഹായിക്കാനാണ് തീരുമാനമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആനും പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സംരംഭം ശ്രദ്ധേയ വിജയം കൈവരിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ലൈസൻസ് നേടുന്ന കമ്ബനികളുടെ എണ്ണം ആഴ്ചയില്‍ 10 എന്ന നിരക്കില്‍ വര്‍ധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *