ശബരിമലയില്‍ കൈവരി തകര്‍ന്നുവീണു; അപകടമുണ്ടായത് ശ്രീകോവിലിന് തൊട്ടടുത്തായി

January 9, 2024
30
Views

ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നു. ശ്രീകോവിലിന് അടുത്തുണ്ടായ തിരക്കിനിടെയാണ് സംഭവം നടന്നത്.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

സോപാനത്ത് ഫ്ളൈ ഓവറില്‍ നിന്ന് ശ്രീകോവിലിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്താണ് കൈവരി തകര്‍ന്നുവീണത്. ഇത് നേരത്തെതന്നെ അപകടം ഉണ്ടാകാവുന്ന അവസ്ഥയിലായിരുന്നു. ദേവസ്വം ബോര്‍ഡ് വെല്‍ഡ് ചെയ്ത് വച്ചിരിക്കുകയായിരുന്ന കൈവരിയാണ് തകര്‍ന്നത്. സംഭവസമയം സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്ന് അധിക‌ൃതര്‍ അറിയിച്ചു.

മകരവിളക്ക് അടുത്തതോടെ ശബരിമലയില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ക്യൂവില്‍ പത്തു മണിക്കൂര്‍വരെ നില്‍ക്കേണ്ടി വരുമെന്നറിഞ്ഞ് ചെന്നൈയില്‍ നിന്ന് എത്തിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 35 അംഗ തീര്‍ത്ഥാടകസംഘം ശബരിമല ദര്‍ശനത്തിന് കാത്തുനില്‍ക്കാതെ കഴിഞ്ഞദിവസം മടങ്ങിപ്പോയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറിന് പമ്ബയില്‍ എത്തിയ സംഘമാണ് മടങ്ങിയത്.

പമ്ബയില്‍ കുളികഴിഞ്ഞ് മണല്‍പ്പുറത്ത് തീര്‍ത്ഥാടകര്‍ക്കുള്ള ക്യൂവിലേക്ക് കയറാൻ ശ്രമിച്ചപ്പോള്‍ പൊലീസ് കുട്ടികളെയടക്കം തള്ളിപ്പുറത്താക്കിയെന്ന് സംഘത്തിലെ വിനോബാബു കേരളകൗമുദിയോടു പറഞ്ഞു. അഞ്ചും ആറും വയസുള്ള നാല് കുട്ടികളുണ്ടായിരുന്നു. ഇരുപത്തിനാല് വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന തനിക്ക് ഏറ്റവും ക്രൂരമായ അനുഭവമാണ് ഇത്തവണയുണ്ടായത്. തമിഴ്നാട് സര്‍ക്കാരിന് പരാതി നല്‍കും. മാദ്ധ്യമങ്ങളെ കണ്ട് തങ്ങളുടെ അനുഭവം വിവരിക്കും. എന്നാല്‍ അടുത്ത വര്‍ഷവും ശബരിമലയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈയിലെ അഭിഭാഷകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം സംഘത്തിലുണ്ടായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *