ഇടുക്കി ജില്ലയിലെ 11 ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരം

January 9, 2024
29
Views

ഇടുക്കി ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ 11 സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച്‌ എന്‍ടി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

ഇടുക്കി ജില്ലയിലെ ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ 11 സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ക്ക് ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച്‌ എന്‍ടി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

ഇതു സംബന്ധിച്ച സംസ്ഥാനതല പ്രഖ്യാപനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. ആയുര്‍വേദ ഡിസ്പെന്‍സറികളായ രാജാക്കാട്, മൂന്നാര്‍, വാത്തിക്കുടി, കോടിക്കുളം, കരിമണ്ണൂര്‍, പുറപ്പുഴ എന്നിവയും ഹോമിയോ ഡിസ്പെന്‍സറികളായ കോലാനി, ചില്ലിത്തോട്, പഴയരിക്കണ്ടം, ചുരുളി, രാജകുമാരി എന്നിവയുമാണ് ഇപ്പോള്‍ അംഗീകാരത്തിന് അര്‍ഹമായത്.

നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലയിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്‌ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ജയ്നി , ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനീത പുഷ്‌കരന്‍ , നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം.എസ്. നൗഷാദ് എന്നിവര്‍ അറിയിച്ചു.

ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ 2023 ഏപ്രിലില്‍ ആരംഭിക്കുകയും 90 ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ചിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. രണ്ടാം ഘട്ടത്തിലെ തിരഞ്ഞെടുക്കപ്പെട്ട 12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച്‌ മാസത്തോടെ ഈ അംഗീകാരം നേടിയെടുക്കാനാകും.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടില്‍ ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം. ഇതിന്റെ ഭാഗമായി വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപികരിച്ചു. എന്‍.എ.ബി.എച്ച്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേറ്റേഴ്സിനെയും നിയോഗിച്ചു. തദ്ദേശ സ്വയംഭരണസ്ഥാപന മേധാവികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തി. ജില്ലാ ക്വാളിറ്റി ടീമുകള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും വിവിധ തലങ്ങളില്‍ പരിശീലനങ്ങള്‍ നല്‍കി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രത്യേക സംഘങ്ങളുടെ നേതൃത്വത്തില്‍ ദേശീയ നിലവാര മാനദണ്ഡം പ്രകാരമുള്ള ന്യൂനതാ പരിശോധനകള്‍ നടത്തി. ഇതിനായി ഒരു മൂല്യനിര്‍ണയ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. ഈ പദ്ധതിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തികള്‍ നടത്തുവാന്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് സഹായകരമാക്കുന്ന വിധത്തിലുള്ള കൈപ്പുസ്തകം എല്ലായിടത്തും ലഭ്യമാക്കി. എല്ലാവര്‍ക്കും യോഗാ പരിശീലനം, ഗര്‍ഭിണികളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം , വയോജന ആരോഗ്യപരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നല്കുന്നതോടൊപ്പം പകര്‍ച്ചവ്യാധി പ്രതിരോധം, ജീവിതശൈലീ രോഗനിയന്ത്രണം, ഓറല്‍ ഹെല്‍ത്ത് കെയര്‍, മാനസിക ആരോഗ്യസംരക്ഷണം , സാന്ത്വനപരിചരണം തുടങ്ങിയ വിവിധ വിഭാഗങ്ങളായി പ്രത്യേക പ്രവര്‍ത്തനരീതികളിലൂടെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യകേന്ദ്രങ്ങളായ സര്‍ക്കാര്‍ ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍ പൊതുജനോപകാരപ്രദമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *