ഉദിച്ചുയര്‍ന്ന നക്ഷത്രത്തിനു ചുവട്ടില്‍ ശ്രീകൃഷ്‌ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ മകര സംക്രമസന്ധ്യയില്‍ ശബരിമല ധര്‍മ്മശാസ്‌താ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ പേടകങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു.
പന്തളം: ഉദിച്ചുയര്‍ന്ന നക്ഷത്രത്തിനു ചുവട്ടില്‍ ശ്രീകൃഷ്‌ണപ്പരുന്ത് വട്ടമിട്ടു പറന്നതോടെ മകര സംക്രമസന്ധ്യയില്‍ ശബരിമല ധര്‍മ്മശാസ്‌താ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ പേടകങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു.
തടിച്ചുകൂടിയ ആയിരങ്ങളുടെ കണ്‌ഠങ്ങളില്‍നിന്ന് ശരണമന്ത്രങ്ങള്‍ ഒരുമിച്ചു മുഴങ്ങിയ ധന്യമുഹൂര്‍ത്തത്തില്‍ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള തിരുവാഭരണ പേടകവും മരുതവന ശിവന്‍കുട്ടി കളഭപ്പെട്ടിയും കിഴക്കേ തോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായര്‍ കൊടിപ്പെട്ടിയും ശിരസിലേറ്റി.
കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് പുത്തന്‍മേട താഴയില്‍ ഒരുക്കിയിരുന്ന പൂപ്പന്തലില്‍നിന്നാണ് ഇക്കുറി തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്. രാവിലെ കൊട്ടാരം വക കൈപ്പുഴ ശിവക്ഷേത്രത്തിലെ മേല്‍ശാന്തി കേശവന്‍ പോറ്റി കൊണ്ടുവന്ന പുണ്യാഹം സ്‌ട്രോങ് റുമിനു പുറത്തുവച്ച തിരുവാഭരണ പേടകങ്ങളില്‍ തളിച്ചു ശുദ്ധി വരുത്തി. ഏഴു മണിയോടെ അശുദ്ധിയില്ലാത്ത കൊട്ടാരം കുടംബബന്ധുക്കള്‍ തിരുവാഭരണ പേടകങ്ങള്‍ വാഹകരുടെ ഗിരസില്‍ വച്ചുകൊടുത്തു. പേടകങ്ങള്‍ കൊണ്ടുപോകുന്ന പാതയിലും പുണ്യാഹം തളിച്ചു. പേടകങ്ങള്‍ പുത്തന്‍മേട താഴയിലെ പൂപ്പന്തലില്‍ ദര്‍ശനത്തിനായി വച്ചു. എന്നാല്‍ പേടകം തുറന്നുള്ള ദര്‍ശനമുണ്ടായില്ല. ഉച്ചയ്‌ക്ക് 12.45 ന് ക്ഷേത്രം മേല്‍ശാന്തി നീരാഞ്‌ജനം ഉഴിഞ്ഞു.
കുടുംബത്തിലെ അശുദ്ധിയില്ലാത്ത അംഗങ്ങള്‍, തിരുവാഭരണ സ്‌പെഷല്‍ ഓഫീസര്‍ ആര്‍. പ്രകാശ്, നോഡല്‍ ഓഫീസര്‍ റാന്നി തഹസില്‍ദാര്‍ എം.കെ. അജികുമാര്‍, എ.ആര്‍. ക്യാമ്ബ് അസിസ്‌റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹം, വലിയ കോയിക്കല്‍ ക്ഷേത്രം ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ എസ്. സുനില്‍കുമാര്‍, ദേവസ്വം ജീവനക്കാര്‍, ക്ഷേത്ര ഉപദേശക സമിതി തുടങ്ങി ആയിരങ്ങള്‍ ഘോഷയാത്രയെ അനുഗമിച്ചു. ഇന്നലെ രാത്രി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോെട അവിടെനിന്നും തിരിച്ച ഘോഷയാത്ര മുക്കന്നൂര്‍, ഇടപ്പാവൂര്‍ വഴി പേരൂച്ചാല്‍ കടവില്‍ പമ്ബ മുറിച്ചുകടന്ന് പരമ്ബരാഗത പാതയിലൂടെ റാന്നി വൈക്കം ജങ്‌ഷനിലെത്തും. രാത്രി ളാഹ ഫോറസ്‌റ്റ് ഗസ്‌റ്റ്‌ഹൗസില്‍ വിശ്രമിച്ച് നാളെ പുലര്‍ച്ചെ തിരിക്കുന്ന ഘോഷയാത്ര പ്ലാപ്പള്ളി വഴി നിലയ്‌ക്കലെത്തും. അവിടെനിന്ന് കാനനമാര്‍ഗം ചെറിയാനവട്ടം, വലിയാനവട്ടം വഴിയാണ് വൈകുന്നേരം ശരംകുത്തിയിലെത്തുക. പന്തളം രാജകുടുംബത്തിന്റെ അശുദ്ധി 17 നു കഴിയുന്നതോടെ 18 ന് കുടുംബാംഗങ്ങള്‍ സന്നിധാനത്തെത്തും. തുടര്‍ന്നു നടക്കുന്ന കളഭപൂജയിലും ഗുരുതിയിലും പങ്കെടുത്ത് 21 ന് നട അടച്ചശേഷം പടിയിറങ്ങും.
മകരവിളക്കിനു സുരക്ഷ ഉറപ്പാക്കാന്‍ 1000 പോലീസ് ഉദ്യോഗസ്‌ഥര്‍കൂടി
ശബരിമല: മകരവിളക്ക് ഉത്സവത്തിനു സുരക്ഷ ഉറപ്പാക്കാന്‍ ആയിരം പോലീസുദ്യോഗസ്‌ഥരെക്കൂടി നിയോഗിച്ചതായി സംസ്‌ഥാന പോലീസ് മേധാവി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാര്‍, 19 ഡി.വൈ.എസ്.പിമാര്‍, 15 ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടെയാണു നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്ബ, നിലയ്‌ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധികവിന്യാസം.
ദേവസ്വം കോംപ്ലക്‌സില്‍ നടന്ന അവലോകന യോഗത്തിനുശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദര്‍ശനം നടത്തി. കൊടിമരത്തിനു സമീപവും പതിനെട്ടാം പടിയും മാളികപ്പുറം നടപ്പാതയും ക്ഷേത്രവും സന്ദര്‍ശിച്ച് സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷം ഉച്ചകഴിഞ്ഞ് അദ്ദേഹം മലയിറങ്ങി.
മകരവിളക്കിനു രണ്ടുനാള്‍ മുമ്ബേ പൂങ്കാവനം ഭക്‌തരാല്‍ നിറഞ്ഞു
ശബരിമല: ശരണമന്ത്രങ്ങളുടെ മുദ്രചാര്‍ത്തിയ പൂങ്കാവനത്തില്‍ പര്‍ണശാലകള്‍ തീര്‍ത്ത് ഭക്‌തര്‍ തമ്ബടിച്ചു. പതിവില്‍നിന്നു വ്യത്യസ്‌തമായി മകരവിളക്കിനു രണ്ടുനാള്‍ മുമ്ബേ പാണ്ടിത്താവളവും പരിസരവും തീര്‍ഥാടകരെക്കൊണ്ടു നിറഞ്ഞു.
പാണ്ടിത്താവളം ഭാഗം, ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപം, മരാമത്ത് ഓഫീസ് കോംപ്ലക്‌സിന് എതിര്‍വശം, ജലസംഭരണികള്‍ക്കു സമീപം, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ ഭാഗം, എന്നിവിടങ്ങളിലെല്ലാം തീര്‍ഥാടകര്‍ തമ്ബടിക്കുകയാണ്. അമ്ബതിനായിരത്തോളം പേര്‍ ഇന്നലെത്തന്നെ പര്‍ണ ശാലകള്‍ ഒരുക്കിക്കഴിഞ്ഞു. സന്നിധാനത്തുനിന്ന് പണ്ടിത്താവളത്തേക്ക് ഭക്‌തരുടെ വലിയ ഒഴുക്കാണ്. പാണ്ടിത്താവളം ഭാഗത്തെ അടിക്കാടുകള്‍ തെളിച്ച് നിരപ്പായ ഇടങ്ങളിലെല്ലാം ചെറുമരച്ചില്ലകള്‍, തുണി ഷീറ്റ്, ടാര്‍പ്പോളിന്‍ എന്നിവ ഉപയോഗിച്ച് തീര്‍ഥാടകര്‍ പര്‍ണശാലകള്‍ തീര്‍ത്തു. തിരൂരില്‍നിന്ന് ഗുരുസ്വാമിമാരായ മണി, ശെല്‍വം എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതു പേരടങ്ങുന്ന സംഘം വലിയ പര്‍ണശാല തീര്‍ത്താണു തമ്ബടിച്ചിരിക്കുന്നത്. മലപ്പുറം, കുറ്റിപ്പുറം, വേങ്ങര, തവനൂര്‍ എന്നിവിടങ്ങളില്‍നിന്ന് ശശികുമാര്‍ ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ 22 പേരും എത്തിയിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് ഭാഗത്തുനിന്നുള്ള ഒരു സംഘത്തില്‍ 50 തീര്‍ഥാടകരാണുള്ളത്. മകരജ്യോതി കണ്ട്, തിരുവാഭരണവിഭൂഷിതനായ അയ്യപ്പസ്വാമിയെ ദര്‍ശിച്ച ശേഷമേ ഇവരെല്ലാം മലയിറങ്ങൂ.
തീര്‍ഥാടകര്‍ക്കാവശ്യമായ ഭക്ഷണം നല്‍കാന്‍ പാണ്ടിത്താവളത്ത് രണ്ടു കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് തുറന്നിട്ടുണ്ട്. 24 മണിക്കൂറും നടക്കുന്ന അന്നദാനത്തിനു പുറമേയാണിത്. തിരക്ക് വര്‍ധിച്ചതോടെ പാണ്ടിത്താവളത്ത് സുരക്ഷാ സംവിധാനവും ശക്‌തമാക്കി. പോലീസിനെ കൂടാതെ വനം വകുപ്പ്, വൈദ്യുതി ബോര്‍ഡ്, അഗ്‌നിശമന സേന, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്‌ഥരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. സത്രം, പുല്ലുമേട്, കാനനപാത വഴി ഇന്നലെ വൈകിട്ട് അഞ്ചുവരെ 1619 പേര്‍ തീര്‍ഥാടനത്തിനെത്തി. എരുമേലി പേട്ട കഴിഞ്ഞതോടെ അഴുത, കല്ലിടാംകുന്ന്, വലിയാനവട്ടം, ചെറിയാനവട്ടം വഴി ആയിരക്കണക്കിനു തീര്‍ഥാടകരും എത്തുന്നു. പാണ്ടിത്താവളത്ത് തിരക്ക് വര്‍ധിച്ചതോടെ ഉരല്‍ക്കുഴി തീര്‍ഥത്തില്‍ കുളിക്കുന്നതിന് ഇന്നലെ ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്‌ഥാനക്കാരും തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കൊല്ലം, അട്ടപ്പാടി, മണ്ണാര്‍കാട്, കുമളി എന്നിവിടങ്ങളില്‍ ഉള്ളവരും തമ്ബടിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. നാളെ മകരജ്യോതി ദര്‍ശനത്തിന്റെ പുണ്യം ഏറ്റുവാങ്ങി ഇവര്‍ മലയിറങ്ങും.