റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി ഡല്‍ഹി.
ഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങി ഡല്‍ഹി. റിപ്പബ്ലിക് ദിനപരേഡില്‍ ആദ്യമായി മൂന്ന് സേനകളില്‍ നിന്നുള്ള വനിതാ ഓഫീസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ചു ചെയ്യും.
ഡല്‍ഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളിയും ഡിസിപിയുമായ ശ്വേത കെ.സുഗതനാണ്.
മുൻ വർഷത്തെ റിപ്ലബിക് ദിന പരേഡുകളെ അപേക്ഷിച്ച് നിരവധി പ്രത്യേകതകളാണ് ഈ വർഷത്തെ പരേഡിനുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ പരേഡിലും ബാൻഡിലും മാർച്ച് പാസ്റ്റിലും ടാബ്ലോയിഡുകളിലുമുള്‍പ്പെടെ സമസ്തവിഭാഗങ്ങളിലും അണിനിരക്കുക വനിതകള്‍മാത്രം. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ 100 വനിതാ സാംസ്കാരിക കലാകാരികളും റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകുന്നുണ്ട്.
സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീപ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കർത്തവ്യപഥിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിയന്ത്രണം പൂർണമായും വനിതകള്‍ ഏറ്റെടുക്കുന്നത്. നാളെ കർത്തവ്യപഥില്‍ ചരിത്രംകുറിക്കാൻ ഒരുങ്ങുകയാണ് ശ്വേത കെ. സുഗതൻ.പരേഡില്‍ ഡല്‍ഹി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയാകും തൃശൂര്‍ ചാലക്കുടി സ്വദേശിനിയായ ഈ ഐ.പി.എസ് ഉദ്യോഗസ്ഥ. അഞ്ചു പതിറ്റാണ്ടുമുമ്ബ് അന്നത്തെ ‘രാജ്പഥി’ല്‍ കിരണ്‍ ബേദി കുറിച്ച ചരിത്രമാണ് ഇക്കുറി ‘കര്‍ത്തവ്യപഥി’ല്‍ ശ്വേതയ്ക്ക് വഴിമാറുന്നത്. പരിശീലനത്തിലെ മികവ് നാളെയും പുലർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്വേത ഐ പി എസ് പറഞ്ഞു.
മറ്റുപല സേനകളെയുംപോലെ ഡല്‍ഹി പൊലീസിസും പൂര്‍ണമായി വനിതകളെയാണ് പരേഡിനിറക്കുന്നത്. ഡല്‍ഹി പൊലീസിലെ വനിത സംഘരൂപീകരണം ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു ശ്വേത പറയുന്നു. നോര്‍ത്ത് ഡല്‍ഹി അഡീഷണല്‍ ഡി.സി.പി.യായ ശ്വേതയുടെ നേതൃത്വത്തില്‍ ഒരുമാസമായി കൊടുംതണുപ്പില്‍ കഠിനപരിശീലനത്തിലാണ് 144 അംഗ വനിതാ പോലീസ്. ശ്വേതയുടെ അഭിമാന മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മാതാപിതാക്കളും കര്‍ത്തവ്യപഥിലെത്തും.