വയനാട് പുല്‍പ്പള്ളിയില്‍ പ്രതിഷേധം അക്രമാസക്തം; ലാത്തിച്ചാര്‍ജ്, എംഎല്‍എമാര്‍ക്ക് നേരേ നാട്ടുകാരുടെ കുപ്പിയേറ്‌

February 18, 2024
26
Views

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ നടക്കുന്ന ഹര്‍ത്താലില്‍ പ്രതിഷേധം അക്രമസാക്തമായി.

വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ നടക്കുന്ന ഹര്‍ത്താലില്‍ പ്രതിഷേധം അക്രമസാക്തമായി. നാട്ടുകാർ എംഎല്‍എമാർക്കു നേരേ കുപ്പിയെറിഞ്ഞു.

പോലീസ് ജീപ്പ് തടഞ്ഞു. കല്ലേറ് രൂക്ഷമായതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേർക്ക് പരുക്കേറ്റു. അതേസമയം, ലാത്തിച്ചാർജ് നടത്തിയതോടെ നാട്ടുകാരുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. നേരത്തേ, പുല്‍പ്പള്ളിയിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്‌റെ ജീപ്പില്‍ റീത്ത് വച്ച്‌ പ്രതിഷേധിച്ച ജനം ജീപ്പിന്‌റെ കാറ്റഴിച്ച്‌ വിട്ടു. വനംവകുപ്പ് എന്നെഴുതിയ റീത്താണ് വെച്ചത്. ജീപ്പിന്റെ റൂഫ് വലിച്ചുകീറുകയും ചെയ്തു.

അതിനിടെ, ഇന്നലെ രാത്രി കേണിച്ചിറയില്‍ കടുവ ആക്രമിച്ച ജഡവും പ്രതിഷേധക്കാര്‍ പുല്‍പ്പള്ളി നഗരത്തിലെത്തിച്ചു. ട്രാക്ടറില്‍ പശുവിന്‌റെ ജഡവുമായെത്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നത്. പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിവച്ചും ജനക്കൂട്ടം പ്രതിഷേധിച്ചു.വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം 20ന് രാവിലെ വയനാട്ടില്‍ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും

തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണത്തില്‍ ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പോളിന്‌റെ മൃതദേഹവുമായും നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. . പുല്‍പ്പള്ളി ടൗണിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച പോളിന്റെ മൃതദേഹത്തിന് ഒപ്പം നൂറു കണക്കിനാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *