ശിവരാത്രി: ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

February 23, 2024
31
Views

മാർച്ച്‌ എട്ടിന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകള്‍.

കൊച്ചി: മാർച്ച്‌ എട്ടിന് ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകള്‍. ശിവരാത്രി ദിനത്തില്‍ ആലുവ ശിവക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക സർവീസുകള്‍ ഒരുക്കിയിരിക്കുന്നത്.

ചില ട്രെയിനുകളുടെ സമയവും സ്റ്റോപ്പുകളും പുനക്രമീകരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിലേത് സമാനമായ ക്രമീകരണമാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്.

മാർച്ച്‌ എട്ട് വെള്ളിയാഴ്ച വൈകിട്ട് സർവീസ് നടത്തുന്ന നിലമ്ബൂർ-കോട്ടയം എക്സ്പ്രസ് മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി എന്നീ സ്റ്റോപ്പുകളില്‍ നിർത്തുന്നതാണ്.

രാത്രി തൃശ്ശൂർ മുതല്‍ ഷൊർണൂർ വരെ സർവീസ് നടത്തുന്ന തൃശ്ശൂർ-ഷൊർണൂർ എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിൻ ആലുവ വരെ സർവീസ് നടത്തും.

രാത്രി 11:15-ന് പുറപ്പെടുന്ന ട്രെയിനുകള്‍ എല്ലാ സ്റ്റേഷനിലും നിർത്തിയ ശേഷം അർദ്ധരാത്രി 12:45 ഓടെ ആലുവയില്‍ എത്തിച്ചേരും.

പിറ്റേദിവസം രാവിലെ 5:15-ന് ആലുവയില്‍ നിന്നും പുറപ്പെടുന്ന തൃശ്ശൂർ-കണ്ണൂർ എക്സ്പ്രസ് രാവിലെ 6:40-ന് തൃശ്ശൂരിലെത്തി പതിവുപോലെ കണ്ണൂരിലേക്ക് യാത്ര തുടരും.

ഈ ട്രെയിൻ ആലുവയ്‌ക്കും ഷൊർണൂറിനും ഇടയിലുള്ള മുഴുവൻ സ്റ്റേഷനുകളിലും നിർത്തുന്നതാണ്.

അതേസമയം, ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച്‌ ഫെബ്രുവരി 25 ഞായറാഴ്ച മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ സർവീസ് നടത്തും. എറണാകുളത്തു നിന്നും നാഗർകോവിലില്‍ നിന്നും മെമു സ്പെഷല്‍ ട്രെയിനുകളാണ് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുക.

തിരുവനന്തപുരം – കൊല്ലം , നാഗർകോവില്‍ – തിരുവനന്തപുരം സെക്ഷനുകളില്‍ വിവിധ ട്രെയിനുകള്‍ക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും അനുവദിച്ചു.

എറണാകുളം – തിരുവനന്തപുരം സെൻട്രല്‍ സ്പെഷല്‍ മെമു ട്രെയിൻ ഞായറാഴ്ച പുലർച്ചെ 1.45ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് രാവിലെ ആറരയോടെ തിരുവനന്തപുരം സെൻട്രലില്‍ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

പിറവം റോഡ് 2.19, വൈക്കം റോഡ് 2.26, ഏറ്റുമാനൂർ 2.42, കോട്ടയം 02.55, ചങ്ങനാശേരി 3.03, തിരുവല്ല 3.13, ചെങ്ങന്നൂർ 3.24, മാവേലിക്കര 3.37, കായംകുളം 3.47, കരുനാഗപ്പള്ളി 4.03, കൊല്ലം 4.40, മയ്യനാട് 4.55, പരവൂർ 5.00, വർക്കല 5.11, കടയ്‌ക്കാവൂർ 5.22, ചിറയിൻകീഴ് 5:27, മുരുക്കുംപുഴ 5.35, കണിയാപുരം 5.39, കഴക്കൂട്ടം 5.45, കൊച്ചുവേളി 5.53, തിരുവനന്തപുരം പേട്ട 5.59 എന്നിവിടങ്ങളിലാണു ട്രെയിനിനു സ്റ്റോപ്പുകള്‍.

സ്പെഷല്‍ മെമു ട്രെയിനിന്റെ മടക്കയാത്ര തിരുവനന്തപുരം സെൻട്രലില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നരയ്‌ക്കായിരിക്കും. തുടർന്ന് രാത്രി 8.15ന് എറണാകുളത്ത് എത്തിച്ചേരും.

നാഗർകോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് 25നു സ്പെഷല്‍ മെമു സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ 2.15നാണ് ട്രെയിൻ നാഗർകോവിലില്‍ നിന്നും പുറപ്പെടുക.

നാഗർകോവില്‍ 2.15, ഇരണിയല്‍ 2.34, കുഴിത്തുറ 2.50, പാറശാല 3.01, നെയ്യാറ്റിൻകര 3.12 സ്റ്റോപ്പുകള്‍ പിന്നിട്ടാണ് സ്പെഷല്‍ മെമു സർവീസ് 3:32ന് തിരുവനന്തപുരം സെൻട്രലില്‍ എത്തുക.

സ്പെഷല്‍ ട്രെയിനുകള്‍ക്ക് പുറമെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ വിവിധ ട്രെയിനുകള്‍ക്ക് ഞായറാഴ്ച അധിക സ്റ്റോപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിന് (16348) പരവൂർ, വർക്കല, കടയ്‌ക്കാവൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. പരവൂരില്‍ പുലർച്ചെ 2:44നും വർക്കലയില്‍ 2:55നും കടയ്‌ക്കാവൂരില്‍ 3.06നുമാണ് ട്രെയിൻ എത്തുക.

ഗാന്ധിധം – നാഗർകോവില്‍ എക്സ്പ്രസിനു (016355) പരവൂർ, കടയ്‌ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിലും, അമൃത എക്സ്പ്രസിന് (16344) പരവൂരിലും ചിറയിൻകീഴിലും, 16603 മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിന് കടയ്‌ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും, 12695 ഡോ.എംജിആർ ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് ചിറയിൻകീഴിലും അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *