ആദ്യമായി ചിത്രം സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലില്‍ നടൻ ജോജു ജോർജ്. സഹനടനായും, സ്വഭാവ നടനായും, ഹാസ്യ നടനായും ഒക്കെ വെള്ളിത്തിരയില്‍ ഉജ്ജ്വല കഥാപാത്രങ്ങള്‍ ചെയ്ത ജോജു ജോർജ് കരിയറില്‍ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നില്‍ക്കുമ്ബോള്‍ ആദ്യമായി സംവിധായകനാകുന്നത്.
സ്വന്തം രചനയില്‍ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ ആവേശത്തിലാണ് താരം.
‘അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും’, ജോജുവിന്റെ വാക്കുകളില്‍ തന്റെ അഭിനയം നല്‍കുന്ന ഗ്യാരന്റി സംവിധാനം ചെയ്ത ഈ സിനിമക്കും ഉണ്ടെന്ന് ഉറപ്പ് നല്‍കുന്നു.
1995 ല്‍ ‘മഴവില്‍ കൂടാരം’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ ജോജു ജോർജ് എന്ന നടൻ കടന്നു വന്ന വഴികള്‍ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങള്‍. എന്നാല്‍ 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്ബോള്‍, അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ആ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമ്മാതാവായും മലയാള സിനിമയില്‍ തന്റെ പേര് സുവർണ്ണ ലിപികള്‍ കൊണ്ട് എഴുതി ചേർക്കുകയായിരുന്നു.