പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തല്‍ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്തല്‍ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പല ബ്രാൻഡുകളോടും മത്സരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സപ്ലൈകോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍, കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് പകരമായി സംസ്ഥാന സർക്കാർ സപ്ലൈകോ വഴി നല്കുന്ന ശബരി കെ റൈസിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്‍ഡിഎഫ് സർക്കാർ വിപണി ഇടപെടലുകളിലൂടെ ആശ്വാസം പകരുന്ന നടപടികള്‍ നിരവധിയാണ് സ്വീകരിച്ചുപോരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ കമ്ബോളത്തില്‍ വലിയതോതില്‍ പല ബ്രാൻഡുകളോടും മത്സരിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് സപ്ലൈകോ. സപ്ലൈകോ ബ്രാൻഡിംഗ് പ്രധാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ശബരി കെ റൈസ് എന്ന പ്രത്യേക ബ്രാൻഡില്‍ അരി വിതരണം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രാൻഡ് ചെയ്യുന്ന അഞ്ചു കിലോ അരി സപ്ലൈകോ വിതരണം ചെയ്യുമ്ബോള്‍ സപ്ലൈകോ വില്പന ശാലകള്‍ മുഖേന ബ്രാൻഡ് ചെയ്യാത്ത ബാക്കി അഞ്ചുകിലോ അരിയും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
കിലോയ്ക്ക് 40 രൂപയോളം ചെലവഴിച്ചാണ് സംസ്ഥാന സർക്കാർ ഈ അരി വാങ്ങുന്നത്. ഇതില്‍ മട്ട, ജയ, കുറുവ എന്നീ ഇനങ്ങളുമുണ്ട്. 40 രൂപയോളം ചെലവഴിച്ചു വാങ്ങുന്ന അരി നല്‍കുന്നത് 29, 30 രൂപയ്ക്കാണ്. അതായത്, ഓരോ കിലോയ്ക്കും 10 മുതല്‍ 11 രൂപവരെ ഇതിനുള്ളില്‍ തന്നെ സബ്സിഡി വരുന്നുണ്ട്. അങ്ങനെയാണ് ഫലപ്രദമായ വിപണി ഇടപെടല്‍ ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് പദ്ധതിക്കെതിരെ വിമർശം ഉന്നയിച്ച മുഖ്യമന്ത്രി 18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വില്‍ക്കുകയാണെന്നും 10 രൂപ ലാഭം എടുത്താണ് വില്പനയെന്നും കുറ്റപ്പെടുത്തി.