കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയില്‍. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്ബനിപ്പടി കുറുമുള്ളീല്‍ ജോർജ് ജോണിനെയാണ് (52) വിജിലൻസ് കോട്ടയം ഡിവൈ.എസ്.പി രവികുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുറവിലങ്ങാട് സ്വദേശിയായ യുവാവില്‍നിന്ന് 1300 രൂപ കൈപ്പറ്റുന്നതിനിടെ വിജിലൻസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാവ് കാനഡയില്‍ പോകുന്നതിന്‍റെ ഭാഗമായി പഞ്ചായത്തില്‍ ജനനം രജിസ്റ്റർ ചെയ്യുന്നതിന് പാലാ ആർ.ഡി.ഒ ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിച്ച് റിപ്പോർട്ട് നല്‍കാൻ ആർ.ഡി.ഒ ഓഫിസില്‍ നിന്ന് ഞീഴൂർ വില്ലേജ് ഓഫിസർ ജോർജ് ജോണിന് കൈമാറി. ഇതില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഇയാള്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
വില്ലേജ് ഓഫിസിലെ വൈദ്യുതി ചാർജ് അടക്കാനെന്ന പേരിലാണ് പരാതിക്കാരനോട് 1300 രൂപ ആവശ്യപ്പെട്ടത്. പണം നല്‍കിയാലേ റിപ്പോർട്ട് ആർ.ഡി.ഒ ഓഫിസിലേക്ക് അയക്കൂ എന്നും വില്ലേജ് ഓഫിസർ പറഞ്ഞു. ഇതോടെ യുവാവ് കോട്ടയം വിജിലൻസ് ഓഫിസിലെത്തി പരാതി നല്‍കുകയായിരുന്നു.
വ്യാഴാഴ്ച വിജിലൻസ് ഏല്‍പിച്ച തുക യുവാവ് വില്ലേജ് ഓഫിസർക്ക് കൈമാറുന്ന സമയത്തുതന്നെ അവിടെയുണ്ടായിരുന്ന വിജിലൻസ് സംഘം ജോർജ് ജോണിനെ പിടികൂടുകയായിരുന്നു. വിജിലൻസ് ഇൻസ്പെക്ടർ എസ്. പ്രദീപ്, എസ്.ഐമാരായ സ്റ്റാൻലി തോമസ്, വി.എം. ജയ്മോൻ, പ്രദീപ്കുമാർ, കെ.സി. പ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.