മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്ബസില്‍ ബൈക്ക് പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് കരാർ ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ കോളജ് കിഴങ്ങുവിളയില്‍ സുരേഷിനെയാണ് (47) അറസ്റ്റ് ചെയ്തത്. പ്രതി മെഡിക്കല്‍ കോളജിനു സമീപം കരിക്കുകച്ചവടം നടത്തുന്നയാളാണ്. ഞായറാഴ്ച രാത്രി ഡെൻറല്‍ കോളജിനു സമീപത്താണ് സംഭവം നടന്നത്. തലക്ക് വെട്ടേറ്റ മംഗലപുരം സ്വദേശി റാഫിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ചു.
ഞായറാഴ്ച രാത്രി സുരേഷിന്‍റെ ബൈക്ക് സ്റ്റാർട്ട് ആകാത്തതിനാല്‍ കാർ പാർക്ക് ചെയ്യുന്നയിടത്തേക്ക് ഇയാള്‍ ബൈക്ക് കയറ്റിവെച്ചു. ഇത് പാർക്കിങ് ഫീസ് പിരിക്കുന്ന റാഫിയും സുഹൃത്തും ചോദ്യം ചെയ്തു. തുടർന്നു നടന്ന വാക്കുതർക്കത്തിനൊടുവില്‍ സുരേഷ് കരിക്ക് വെട്ടാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. വെട്ടുകൊണ്ട് റാഫിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ച റാഫിക്ക് തലയില്‍ പന്ത്രണ്ടോളം തുന്നലുണ്ട്. കൂടെയുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവശേഷം പ്രതി ബൈക്ക് ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി. വീടിനു പുറത്തെ ബാത്ത്റൂമിനു സമീപം പതുങ്ങിയിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.