കെ.കെ.ശൈലജക്കെതിരായ അപവാദ പ്രചാരണം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പി കെ ശ്രീമതി

April 17, 2024
37
Views

വടകര എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജക്കെതിരായ അപവാദ പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി പി കെ ശ്രീമതി.

ശൈലജയ്ക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമാണെന്നും തികച്ചും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടക്കുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

from

പി കെ ശ്രീമതി ടീച്ചർ,

പ്രസിഡൻ്റ്,

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ.

To,

ചീഫ് ഇലക്‌ട്രല്‍ ഓഫീസർ,

തിരുവനന്തപുരം

സർ,

വിഷയം: വടകര ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജ ടീച്ചർക്കെതിരായ അപവാദ പ്രചാരണം.

അത്യന്തം ഹീനമായ രീതിയിലാണ് വടകര ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്കെതിരെ സൈബർ അക്രമണം നടത്തുന്നത്. ടീച്ചറുടെ ചിത്രം മോർഫ് ചെയ്ത് അശ്ളീല പരാമർശങ്ങളാണ് സൈബറിടത്തില്‍ നടക്കുന്നത്. ‘എൻ്റെ വടകര കെ എല്‍ 18 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയും മാതൃഭൂമി ഓണ്‍ലൈനിൻ്റെ മാതൃക വ്യാജമായി സൃഷ്ടിച്ചുമെല്ലാം തികച്ചും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വ്യക്തിഹത്യ നടക്കുകയാണ്.

കേരളത്തിൻ്റെ മുൻ ആരോഗ്യ മന്ത്രി, എം എല്‍ എ, മഹിളാ അസോസിയേഷൻ നേതാവ് തുടങ്ങിയ നിലകളിലെല്ലാം അറിയപ്പെടുന്ന വ്യക്തിത്വത്തെയാണ് ഇങ്ങനെ ഹീനമായി അധിക്ഷേപിച്ചിരിക്കുന്നത്.

ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

പി കെ ശ്രീമതി ടീച്ചർ ,പ്രസിഡണ്ട്‌,All India democratic womens Association

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *