ന്യൂഡല്‍ഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവില്‍ സർവീസസ് പരീക്ഷ 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഢി മൂന്നാം റാങ്കും മലയാളി എറണാകുളം സ്വദേശി പി.കെ.
സിദ്ധാർഥ് രാംകുമാർ നാലാം റാങ്കും നേടി. 2022 സിവില്‍ സർവീസസ് പരീക്ഷയില്‍ 121-ാം റാങ്ക് നേടിയ സിദ്ധാർഥ് നിലവില്‍ ഹൈദരാബാദില്‍ ഐപിഎസ് ട്രെയിനിംഗിലാണ്. ബിആർക് ബിരുദധാരിയാണ്.
ഒന്നാം റാങ്ക് നേടിയ ലക്നോ സ്വദേശിയായ ആദിത്യ ശ്രീവാസ്തവയ്ക്കും 2022ല്‍ 236-ാം റാങ്കോടെ ഐപിഎസ് ലഭിച്ചിരുന്നു. ബംഗാള്‍ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇപ്പോള്‍ ഹൈദരാബാദില്‍ പരിശീലനത്തിലാണ്. ഐപിഎസ് ട്രെയിനിംഗിന് ഇടയിലാണ് പരിശീലനത്തിന് സമയം കണ്ടെത്തിയിരുന്നത്. ഐഐടി കാണ്‍പൂരില്‍നിന്ന് ബിടെക്, എംടെക് ബിരുദം നേടിയ ആദിത്യ നിരവധി സ്വകാര്യ കന്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്.
ഉയർന്ന റാങ്ക് നേടിയ മറ്റു മലയാളികള്‍: വിഷ്ണു ശശികുമാർ (31), പി.പി. അർച്ചന (40), ആർ. രമ്യ (45), ബെൻജോ പി. ജോസ് (59), കസ്തൂരി ഷാ (68), ഷാബി റഷീദ് (71), എസ്. പ്രശാന്ത് (78), ആനി ജോർജ് (93), ജി. ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), മഞ്ജുഷ ബി. ജോർജ് (195), നെവിൻ കുരുവിള തോമസ് (225), പി. മഞ്ജിമ (235), ഫാത്തിമ ഷിംന (317), എസ്. അമൃത (398). റാങ്ക് പട്ടികയില്‍ ആദ്യ 25 ല്‍ 15 ആണ്‍കുട്ടികളും പത്തു പെണ്‍കുട്ടികളാണുള്ളത്. റാങ്ക് പട്ടികയില്‍ ഇടം പിടിച്ച 1016 പേരില്‍ 664 ആണ്‍കുട്ടികളും 352 പെണ്‍കുട്ടികളുമാണ്.
1,105 തസ്തികളിലേക്കാണ് ഇക്കൊല്ലം നിയമന ശിപാർശ നല്‍കിയിരിക്കുന്നത്. ജനറല്‍- 347, ഇഡബ്ല്യുഎസ്- 115, ഒബിസി- 303, എസ്‌സി- 165, എസ്ടി- 86 വിഭാഗക്കാരാണ്. 180 പേർക്ക് ഐഎഎസും 200 പേർക്ക് ഐപിഎസും 37 പേർക്ക് ഐഎഫ്‌എസും ലഭിക്കും. 613 ഉദ്യോഗാർഥികള്‍ക്ക് ഗ്രൂപ്പ് എ തസ്തികയും 113 ഗ്രൂപ്പ് ബി തസ്തികയും ലഭിക്കും. 2023 മേയില്‍ പ്രിലിംസ് പരീക്ഷയും സെപ്റ്റംബറില്‍ മെയിൻ പരീക്ഷയും നടന്നു. ജനുവരി-ഏപ്രില്‍ മാസത്തിലായിരുന്നു അഭിമുഖം.