ഇസ്ലാമാബാദ്: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘എക്സ്’ (ട്വിറ്റർ) നിരോധിച്ച് പാകിസ്താൻ. ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ എക്സ് താത്കാലികമായി നിരോധിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്താൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ബുധനാഴ്ച കോടതിയില്‍ എഴുതി നല്കിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്.
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് രാജ്യത്ത് സമ്ബൂർണ നിരോധനം ഏർപ്പെടുത്തിയതായി പാകിസ്താൻ ഭരണകൂടം കോടതിയെ രേഖാമൂലം അറിയിച്ചു. പാക് സർക്കാർ നിഷ്കർഷിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് എക്സിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്. എക്സിനെ പലരും ദുരുപയോഗം ചെയ്യുന്നതായും ഇത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കാൻ നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യത്തിലെത്തിയെന്നും സർക്കാർ അവകാശപ്പെട്ടു. നിർണായകമായ പല പ്രശ്നങ്ങളും രാജ്യത്ത് ഉടലെടുത്ത ഘട്ടത്തില്‍ പാക് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ എക്സ് തയ്യാറായില്ലെന്നും ഭരണകൂടം കുറ്റപ്പെടുത്തി.
നേരത്തെ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലില്‍ കഴിയവെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധ നടപടി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇത് നടന്നത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു എക്സ് ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ക്ക് തടസം നേരിട്ട് തുടങ്ങിയതെന്നതും ശ്രദ്ധേയമാണ്.
എക്സിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തില്‍ സിന്ദ് ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ പ്ലാറ്റ്ഫോം പുനഃസ്ഥാപിക്കാൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. എക്സ് നിരോധിച്ചതുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. നിസാരകാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ അടച്ചുപൂട്ടുന്നതിലൂടെ ആഭ്യന്തര മന്ത്രാലയം എന്താണ് നേടുന്നതെന്നും ലോകം ഞങ്ങളെ നോക്കി ചിരിക്കുമെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖീല്‍ അഹമ്മദ് അബ്ബാസി പറഞ്ഞു.