ലോക്സഭ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാൻ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്റര്‍

April 18, 2024
0
Views

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാൻ മിത്ത് വേഴ്‌സസ് റിയാലിറ്റി രജിസ്റ്ററുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.

ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മിത്ത് വേ ഴ്‌സസ് റിയാലിറ്റി വെബ്സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാർഥ വസ്തുത മനസ്സിലാക്കാൻ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

mythvsreality.eci.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ചാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാർത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ, വിവിപാറ്റ്, വോട്ടർപട്ടിക, വോട്ടർമാർക്കുള്ള സേവനങ്ങള്‍, തിരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാർത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീൻഷോട്ടുകള്‍, വീഡിയോകള്‍, വാർത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാൻ ആധാരമാക്കിയ റഫറൻസ് രേഖകളും വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്‌ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്ഡേറ്റ് ചെയ്താണ് വെബ്സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *