ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് മനഃപൂർവം കൂട്ടുകയെന്ന ഉദ്ദേശത്തോടെ അദ്ദേഹം മധുരവും മാമ്ബഴവുമെല്ലാം ധാരാളം കഴിക്കുകയാണെന്നാണ് ഇഡി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് ജാമ്യം നേടാനുള്ള ശ്രമമാണ് കെജ്രിവാള്‍ നടത്തുന്നതെന്ന് ഇഡി കോടതിയില്‍ പറഞ്ഞു.റൂസ് അവന്യൂ കോടതിയിലെ സ്പെഷ്യല്‍ ജഡ്ജി രാകേഷ് സിയാലാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിന് വേണ്ടി ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കാനാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻെറ ശ്രമമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) പ്രത്യേക അഭിഭാഷകൻ സോഹെബ് ഹൊസൈൻ കോടതിയില്‍ അറിയിച്ചു.രക്തത്തില്‍ ഉയർന്ന അളവില്‍ പഞ്ചസാരയുണ്ടെന്ന് കെജ്രിവാള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും അത് ഇനിയും കൂട്ടാൻ വേണ്ടി അദ്ദേഹം ജയിലില്‍ മാമ്ബഴവും മധുരപലഹാരങ്ങളും മറ്റും കഴിക്കുകയാണെന്നും ഹൊസൈൻ പറഞ്ഞു.ഇഡിയുടെ ആരോപണങ്ങളെല്ലാം കെജ്രിവാളിൻെറ അഭിഭാഷകൻ വിവേക് ജെയിൻ നിഷേധിച്ചു. ഗ്യാലറിയില്‍ നിന്നുള്ള കയ്യടിക്ക് വേണ്ടിയുള്ള ശ്രമമാണ് ഇഡി നടത്തുന്നത്. മാധ്യമങ്ങള്‍ക്ക് വാർത്തയ്ക്ക് വേണ്ടിയുള്ള വിഷയങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ് അവരുടെ ശ്രമമെന്നും വിവേക് ജെയിൻ കൂട്ടച്ചേർത്തു.കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാൻ വളരെ കുറച്ച് സമയം മാത്രമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. കെജ്രിവാളിൻെറ ആരോഗ്യകാര്യങ്ങള്‍ വിശദമാക്കുന്ന മെഡിക്കല്‍ റിപ്പോർട്ട് സമർപ്പിക്കണമെന്ന് തീഹാർ ജയില്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഭക്ഷണക്രമം എങ്ങനെയാണെന്ന് അറിയിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ഈ വിഷയത്തില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.എഎപി നേതാവ് കൂടിയായ കെജ്രിവാള്‍ ജയിലില്‍ മധുരം കഴിച്ച് ആരോഗ്യനില മോശമാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം വ്യാഴാഴ്ചയാണ് കോടതില്‍ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ദിവസം മുമ്ബ് തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ചകള്‍ നടന്നിരുന്നു.”മധുരം അധികമുള്ള ഭക്ഷണം അദ്ദേഹം ജയില്‍ അധികൃതരോട് ആവശ്യപ്പെടുകയാണ്. ഇത് കൂടാതെ മധുരമുള്ള ജ്യൂസും മറ്റും രാവിലെ നേരത്തെ തന്നെ കുടിക്കുകയും ചെയ്യുന്നു. കൂടുതല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണമാണ് അദ്ദേഹം വീട്ടില്‍ നിന്ന് കൊണ്ടുവരാൻ ആവശ്യപ്പെടുന്നത്. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്,” എക്സില്‍ വൈറലായ ഒരു പോസ്റ്റ് പറയുന്നു.”എല്ലാ ദിവസവും ജ്യൂസും പഴവുമെല്ലാമാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനാണ് ശ്രമിക്കുന്നത്. ഇതിലൂടെ ജയിലില്‍ നിന്ന് പുറത്ത് കടക്കാനാണ് പദ്ധതിയിടുന്നത്. എഎപി പ്രവർത്തകരില്‍ നിന്ന് തന്നെയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഇത് ശരിയാണോയെന്ന് തന്നെ വൈകാതെ തന്നെ അറിയാൻ സാധിക്കും,” മറ്റൊരു എക്സ് പോസ്റ്റ് ഇങ്ങനെയാണ്.കെജ്രിവാളിൻെറ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് അദ്ദേഹത്തിൻെറ അഭിഭാഷകർ നേരത്തെ തന്നെ കോടതിയില്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹം പ്രമേഹരോഗിയാണെന്ന് അഭിഭാഷകർ അറിയിച്ചിരുന്നു. കെജ്രിവാളിൻെറ ഷുഗർ ലെവല്‍ 46 ആയി കുറഞ്ഞിരുന്നുവെന്നും ഇത്തരം സാഹചര്യത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഡോക്ടറെ കാണാൻ അദ്ദേഹത്തെ അനുവദിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.