ചോക്ലേറ്റ് കഴിച്ച്‌ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

April 20, 2024
43
Views

ചണ്ഡിഗഢ്: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം.

കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്.

പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്ബതികളുടെ മകള്‍ റാബിയ മരിച്ചതെന്ന് ‘ന്യൂസ് 9 ലൈവ്’ റിപ്പോർട്ട് ചെയ്തു. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവർ. വീട്ടില്‍നിന്നു ബന്ധുക്കള്‍ നല്‍കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്.

കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകള്‍ ശേഖരിച്ചു. കാലാവധി തീർന്നതും പഴകിയതുമായ വസ്തുക്കളും കടയില്‍നിന്നു പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കടയുടമകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം പട്യാലയില്‍ തന്നെ കേക്ക് കഴിച്ച്‌ 10 വയസുകാരി മരിച്ചിരുന്നു. ജന്മദിനത്തോടനുബന്ധിച്ച്‌ നഗരത്തിലെ ബേക്കറിയില്‍നിന്നു വാങ്ങിയ കേക്ക് കഴിച്ചായിരുന്നു പെണ്‍കുട്ടിയുടെ മരണം. കേക്ക് കഴിച്ച മുത്തച്ഛൻ ഉള്‍പ്പെടെയുള്ള ബന്ധുക്കളും രോഗബാധിതരായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *