ലോക്സഭ തിരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.
ഏപ്രില്‍ 22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥർ തപാല്‍വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
പോളിങ് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളളവരും ഫോം 12ല്‍ പോസ്റ്റല്‍ വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമർപ്പിച്ചവരുമായ ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ കളക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണകേന്ദ്രങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ പ്രകാരമുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് അംഗീകൃത തിരിച്ചറിയല്‍ കാർഡുമായി വിഎല്‍സികളിലെത്തി തപാല്‍ വോട്ട് രേഖപ്പെടുത്താവുന്നതാണ്. പോളിംഗ് സ്റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാണ് വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നത്.