ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ സംഘത്തിലെ മലയാളി അടക്കം ഒൻപത് പേര്‍ മരിച്ചു; 13 പേരെ രക്ഷപ്പെടുത്തി

June 6, 2024
37
Views

ബെംഗളൂരു: ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ സംഘത്തിലെ മലയാളി അടക്കം ഒൻപത് പേർ മോശം കാലാവസ്ഥയെ തുടർന്ന് മരിച്ചു.

13 പേരെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയും വ്യോമസേനയും ചേർന്ന് രക്ഷപ്പെടുത്തി. ഉത്തരകാശിയില്‍ സഹസ്ത്ര തടാകത്തില്‍ ട്രക്കിങ്ങിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം സ്വദേശിനി ആശാ സുധാകർ (ആർ.എം. ആശാവതി-71), ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗുർവാഡി (51), വിനായക് മുംഗുർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുർ കൃഷ്ണമൂർത്തി , വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്‌ഡെ എന്നിവരാണ് മരിച്ചത്.

എസ്.ബി.ഐ. സീനിയർ മാനേജരായി വിരമിച്ച ആശ ബെംഗളൂരു ജക്കൂരിലായിരുന്നു താമസം. സംഘത്തിലുണ്ടായിരുന്ന ആശയുടെ ഭർത്താവ് എസ്. സുധാകർ ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തി. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍നിന്ന് 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കല്‍ ഗൈഡുമാരുമുള്‍പ്പെട്ട സംഘമായിരുന്നു ട്രക്കിങ്ങിന് പോയത്.

ഉത്തരകാശിയിലെ ദ ഹിമാലയൻ വ്യൂ ട്രെക്കിങ് ഏജൻസി വഴിയാണ് സംഘം 4400 മീറ്റർ ഉയരത്തിലുള്ള തടാകത്തില്‍ ട്രക്കിങ്ങിന് പോയത്. മെയ്‌ 29-നാണ് മൂന്നു ഗൈഡുമാരുള്‍പ്പെടെ 19 അംഗസംഘം ട്രക്കിങ്ങിന് പുറപ്പെട്ടത്. ഈമാസം ഏഴിനാണ് സംഘം തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാല്‍, തിങ്കളാഴ്ച തിരിച്ചിറങ്ങിവരുന്നതിനിടെ മോശം കാലാവസ്ഥ കാരണം യാത്ര തടസ്സപ്പെട്ടു. മഴയും കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും മരണത്തിനിടയാക്കിയതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവരെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയും വ്യോമസേനയും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയവരില്‍ എട്ടുപേരെ ദെഹ്റാദൂണിലേക്ക് വിമാനത്തില്‍ അയച്ചു. ബെംഗളൂരു സ്വദേശികള്‍ ട്രക്കിങ്ങിനിടെ മരിച്ചസംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു. ആശയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തിക്കും. മകൻ: തേജസ്. മരുമകള്‍: ഗായത്രി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *