ലൈംഗികാതിക്രമക്കേസ്; പ്രജ്വല്‍ രേവണ്ണയുടെ കസ്റ്റഡി ജൂണ്‍ 10 വരെ നീട്ടി

June 7, 2024
34
Views

മംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ മുൻ ജെഡി(എസ്) എംപി പ്രജ്വല്‍ രേവണ്ണയുടെ എ‌ഐടി (പ്രത്യേക അന്വേഷണ സംഘം) കസ്റ്റഡി കാലാവധി ജൂണ്‍ 10 വരെ നീട്ടി കോടതി.

ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി രേവണ്ണയെ ജൂണ്‍ 6 വരെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മെയ് 31 ന് ഉത്തരവിട്ടിരുന്നു. ഇതാണ് വീണ്ടും നീട്ടി കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹാസൻ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പ്രജ്വല്‍ പരാജയപ്പെട്ടിരുന്നു. 34 ദിവസം വിദേശത്ത് ഒളിവില്‍ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനതാവളത്തില്‍ വെച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവ് എച്ച്‌ ഡി രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ഏപ്രില്‍ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വല്‍ തന്നെ റെക്കോർഡ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *