ചങ്ങനാശ്ശേരിയില്‍ യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്

June 9, 2024
48
Views

ചങ്ങനാശേരി: കൊല്ലം ശൂരനാട് സ്വദേശിയെ ചങ്ങനാശേരി റെയില്‍വേ ജംക്ഷനു സമീപം കാത്തിരിപ്പുകേന്ദ്രത്തിനു പിറകിലെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.

സംഭവത്തില്‍ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് ചങ്ങനാശേരി പൊലീസിന്റെ കണ്ടെത്തല്‍. ശൂരനാട് തെക്കേമുറി സ്വദേശി റംസാൻ നിവാസില്‍ റംസാൻ അലി (36)യെ ഓടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓടയില്‍ വീണ റംസാന്റെ ശരീരത്തില്‍ സമീപത്തെ കോണ്‍ക്രീറ്റ് മതില്‍ പതിച്ച നിലയില്‍ കണ്ടത് ദുരൂഹത വർധിപ്പിച്ചു. എന്നാല്‍ ഓടയില്‍ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയില്‍ കോണ്‍ക്രീറ്റ് മതിലില്‍ പിടിച്ചപ്പോള്‍ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്ന് പറയുന്നു.

ശാസ്ത്രീയ പരിശോധനയില്‍ സംഭവസ്ഥലത്ത് അസ്വാഭാവികമായി മറ്റൊന്നും കണ്ടെത്തിയിട്ടില്ല. തങ്ങളുടെ വിലയിരുത്തല്‍ സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവസമയം റംസാൻ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കാത്തിരിപ്പുകേന്ദ്രത്തില്‍ ഉറങ്ങാൻ കിടക്കാനോ മറ്റോ ശ്രമിക്കുമ്ബോള്‍ നിലതെറ്റി തൊട്ടുപിറകിലുള്ള ഓടയ്ക്കുള്ളില്‍ വീഴുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ചങ്ങനാശേരിയില്‍ കർട്ടന്റെയും ചവിട്ടുവിരിയുടെയും ഇൻസ്റ്റാള്‍മെന്റ് വ്യാപാരമാണ് റംസാന്. സ്റ്റോക്ക് എടുക്കാൻ ബെംഗളൂരുവിലേക്കു പോകണമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ വ്യാഴാഴ്ച രാത്രി 11.30ന് റംസാൻ റെയില്‍വേ ജംക്ഷനു സമീപത്തെ തട്ടുകടയില്‍ ആഹാരം കഴിച്ചതിനു ശേഷം കാത്തിരിപ്പു കേന്ദ്രത്തിന്റെ സമീപത്തേക്കായി നടന്നു പോകുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *