മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്

June 9, 2024
46
Views

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്നു രാത്രി 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തില്‍ നടക്കും.

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ എൻഡിഎ സഖ്യത്തിലെ പ്രമുഖ കക്ഷികളുടെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണു വിവരം. ബിജെപിയില്‍നിന്ന് രാജ്നാഥ് സിംഗ്, അമിത്ഷാ, നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലോകനേതാക്കള്‍ ഉള്‍പ്പെടെ 8,000ത്തോളം പേർക്ക് ക്ഷണമുണ്ട്. വിവിധ തൊഴില്‍മേഖലകളില്‍ കഴിവ് തെളിയിച്ചവർ, ഭിന്നലിംഗക്കാർ, ശുചീകരണത്തൊഴിലാളികള്‍, സെൻട്രല്‍ വിസ്താര പദ്ധതിയിലെ തൊഴിലാളികള്‍ എന്നിവർക്കും ക്ഷണമുണ്ട്. ഇതിനിടെ, പ്രതിപക്ഷ പാർട്ടികള്‍ക്ക് ഇതുവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടില്ല.

ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച്‌ ഇന്ത്യ മുന്നണിയില്‍ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, സീഷെല്‍സ് ഉപരാഷ്‌ട്രപതി അഹമ്മദ് അഫീഫ് എന്നിവർ ഡല്‍ഹിയിലെത്തി. ശ്രീലങ്കൻ പ്രസിഡന്‍റ് റെനില്‍ വിക്രമെസിംഗെ, മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിഗ് തോബ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ (പ്രചണ്ഡ) എന്നിവർ ഇന്നെത്തും.

ടിഡിപിക്കു നാലും ജെഡി-യുവിന് രണ്ടും കാബിനറ്റ് മന്ത്രിമാരെ ലഭിക്കും. നാല് എംപിമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് ആദ്യം ഘടകകക്ഷികള്‍ മുന്നോട്ടു വച്ചത്. മറ്റു പാർട്ടികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതം ലഭിക്കും.

വകുപ്പുകളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. സ്പീക്കർസ്ഥാനം വേണമെന്നു ടിഡിപി ആദ്യം വാശിപിടിച്ചെങ്കിലും പിന്നീട് പിന്മാറി. റെയില്‍വേ വകുപ്പിനായി ടിഡിപിയും ജെഡി-യുവും അവകാശവാദം ഉന്നയിച്ചു. കൃഷിവകുപ്പ് വേണമെന്നാണ് ജെഡി-എസ് നേതാവ് എച്ച്‌.ഡി. കുമാരസ്വാമിയുടെ ആവശ്യം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *