സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു; തമിഴ്നാട് ലോബിയ്ക്കെതിരേ സമരത്തിനൊരുങ്ങി കോഴി വ്യാപാരികള്‍

July 18, 2021
138
Views

ഉത്സവ സീസണില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച്‌ കോഴി വില ഉയര്‍ത്തുകയാണ് തമിഴ്നാട് ലോബിയുടെ പതിവ്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. വലിയ പെരുന്നാളിന് മുന്നോടിയായി കോഴി ഇറച്ചിക്ക് ആവശ്യക്കാര്‍ എറിയതോടെ വില കുതിച്ചുയരുകയാണ്. പത്ത് ദിവസം മുന്‍പ് വരെ 130 മുതല്‍150 വരെ വിലയുണ്ടായിരുന്ന ഒരു കിലോ കോഴി ഇറച്ചിയുടെ വില ഇപ്പോള്‍ 240 രൂപയില്‍ എത്തിയിരിക്കുകയാണ്. വില വര്‍ദ്ധനവ് മൂലം ചില സ്ഥലങ്ങളില്‍ വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ വാക്കുതര്‍ക്കവും പതിവായിട്ടുണ്ട്.

തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതും തീറ്റയുടെ വില വര്‍ധിച്ചതും കോവിഡ് പ്രതിസന്ധിയുമാണ് ചിക്കന്‍ വില വര്‍ധനക്കിടയാക്കിയതെന്നാണ് വന്‍കിട വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ എല്ലാ സീസണ്‍ സമയങ്ങളിലും വില വര്‍ദ്ധിപ്പിക്കുവാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്. കൃത്രിമക്ഷാമം സൃഷ്ടിച്ച്‌ വില വര്‍ദ്ധിപ്പിക്കുന്ന തമിഴ്നാട് ലോബിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഒരു കിലോ കോഴി ഇറച്ചിക്ക് വര്‍ദ്ധിച്ചത് 80 മുതല്‍ 100 രൂപ വരെയാണ്. വില 150 രൂപയില്‍ താഴെയായിരുന്നപ്പോള്‍ വലിയ തോതില്‍ കച്ചവടം നടന്നിരുന്നു. എന്നാല്‍ വില വര്‍ധിച്ചതോടെ കച്ചവടം പകുതിയായി, കോവിഡ് പ്രതിസന്ധിക്ക് ഇടയില്‍ നിയന്ത്രണമില്ലാത്ത വില വര്‍ദ്ധന മൂലം കച്ചവടം മുന്‍പോട്ട് കൊണ്ടു പോകുവാന്‍ കഴിയാത്ത സ്ഥിതിയാണ്.

ഈ സാഹചര്യത്തില്‍ സമരത്തിന് ഒരുങ്ങുകയാണ് ചെറുകിട കോഴി വ്യാപാരികള്‍. ഒരു കിലോ കോഴി ഇറച്ചി വില 240ല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ച്‌ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് വ്യാപാരികളുടെ നിലപാട്. ഇല്ലെങ്കില്‍ വലിയ പെരുന്നാളിന് ശേഷം കടയടപ്പ് സമരം ഉള്‍പ്പെടെ സംഘടിപ്പിക്കുവാനാണ് നീക്കം. ഞായറാഴ്ച്ച തമിഴ്നാട്ടില്‍ ഒരു കിലോ കോഴിക്ക് 132 രൂപയാണ് വില. അത് കേരളത്തില്‍ എത്തുമ്ബോള്‍ 8 മുതല്‍ 10 രൂപ വരെ വര്‍ദ്ധിച്ച്‌ 140 ല്‍ എത്തും. ഇറച്ചിയായി വാങ്ങുമ്ബോള്‍ സാധാരണക്കാരന്‍ നല്‍കേണ്ടി വരുന്നത് 240 രൂപയാണ്. വരുന്ന ബുധനാഴ്ച്ച വലിയ പെരുന്നാള്‍ കൂടി എത്തുന്നതോടെ വില 250 പിന്നിടുവാനാണ് സാധ്യത. ചെറുകിട കച്ചവടക്കാരെയാണ് വിലക്കയറ്റം ദോഷകരമായി ബാധിക്കുന്നത്. ബക്രീദും ഓണവിപണിയും കണ്ടുള്ള കൃത്രിമ വിലക്കയറ്റമാണ് ഇതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഓണ സീസണില്‍ എങ്കിലും വില നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ചരക്ക് സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ ഒന്ന് വരെ സംസ്ഥാനത്ത് കോഴിയിറച്ചിക്കുണ്ടായിരുന്ന നികുതി 14.5 ശതമാനം. ജിഎസ്‌ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയതോടെ കിലോയ്ക്ക് 15 രൂപ വച്ചെങ്കിലും വില കുറയേണ്ടതായിരുന്നു. ജിഎസ്ടി വന്നിട്ടും കോഴി വിലയില്‍ ഒരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല കുത്തനെ ഉയരുകയാണ് ഉണ്ടായത്. അവശ്യ സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടും കോഴി വില ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. നികുതി പരിഷ്‌കാരത്തിലൂടെ ചിക്കന് വന്‍ വിലക്കുറവുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *