ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് അനുമതി

July 24, 2021
182
Views

സംസ്ഥാനത്ത് ശനിയും ഞായറും സമ്ബൂര്‍ണ ലോക്ഡൗണായിരിക്കും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. പൊലീസ് പരിശോധന കര്‍ശനമാക്കും. പൊതുഗതാഗതം ഉണ്ടാകില്ല.

അവശ്യ സേവന മേഖലയ്ക്കായി കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. ‘ഡി’ വിഭാഗം പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും.

രോഗസ്ഥിരീകരണ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണംകുറച്ച് ബാക്കിയുള്ളവരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കും.

എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളില്‍ 50 ശതമാനവും ‘സി’ വിഭാഗത്തില്‍ 25 ശതമാനം ജീവനക്കാരെയും ഉള്‍പ്പെടുത്തിയാകും ഓഫീസ് പ്രവര്‍ത്തനം. ‘ഡി’ വിഭാഗത്തില്‍ അവശ്യ സര്‍വീസിലുള്ളവര്‍ ഒഴിച്ചുള്ള ഭൂരിപക്ഷം ജീവനക്കാരെയും ഇതിന് നിയോഗിക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകളായി കണക്കാക്കും. മൈക്രോ കണ്ടെയ്ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണ നിരക്ക് 12.1 ശതമാനമാണ്. 11 ജില്ലയില്‍ 10 ശതമാനത്തിനും മുകളിലാണ്. മലപ്പുറത്ത് 17ഉം.

സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കാന്‍ 60 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കണം. കേന്ദ്രസര്‍ക്കാരില്‍നിന്ന് വാക്‌സിന്‍ കൃത്യമായി ലഭിച്ചാല്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് സാധ്യമാകും. അതിവേഗം വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കാനാണ് ശ്രമം.

ഡെല്‍റ്റ വൈറസ് സാന്നിധ്യമുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ജാഗ്രത കാട്ടണം. പെരുമാറ്റച്ചട്ടങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കാനാകില്ല. വാക്സിനെടുത്തവര്‍ക്കും വന്നുപോയവര്‍ക്കും വീണ്ടും രോഗം വരാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *