മുംബൈ; നീലച്ചിത്ര നിര്‍മാണവുമായി ബുദ്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഓഫിസില്‍ രഹസ്യ അറ കണ്ടെത്തിയെന്ന് പൊലിസ്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് രഹസ്യ അറ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ നീലച്ചിത്ര നിര്‍മാണക്കേസില്‍ നടി ഗഹന വസിഷ്ഠിന് മുംബൈ ക്രൈംബ്രാഞ്ച് സമന്‍സ് അയച്ചു.
ബിസിനസ് രേഖകളും ക്രിപ്‌റ്റോ കറന്‍സികളെ സംബന്ധിച്ച വിവരങ്ങളുമാണ് കുന്ദ്രയുടെ ഓഫിസിലെ രഹസ്യ അറിയിലുണ്ടായിരുന്നത്. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നല്‍കാന്‍ കുന്ദ്രയുടെ സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ സന്നദ്ധരായിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കുന്ദ്രയും മറ്റു പ്രതികളും അന്വേഷണവുമായി വേണ്ടത്ര സഹകരിക്കാത്തതിനാല്‍ സാക്ഷിമൊഴികളുടെ സഹായത്തോടെ കേസ് ശക്തമാക്കാനാണ് നീക്കം. ഇവരുടെ മൊഴി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ രേഖപ്പെടുത്താനാണ് പദ്ധതി.
മൊഴി നല്‍കാനെത്തണമെന്നാവശ്യപ്പെട്ടാണ് നടിയും മോഡലുമായ ഗഹന വസിഷ്ഠിനും മറ്റു രണ്ടുപേര്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും സ്ഥലത്തില്ലാത്തതിനാല്‍ എത്താനായില്ലെന്ന് ഗഹന അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും നീലച്ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസുമായി പങ്കുവെക്കുമെന്നും ഗഹന പറഞ്ഞു.
നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ നീലച്ചിത്രക്കേസില്‍ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അറസ്റ്റുചെയ്തിരുന്നു. നാലു മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. കസ്റ്റഡിയില്‍ കഴിയുമ്ബോള്‍ രാജ് കുന്ദ്രയുടെ പേരുപറയാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്ന് ഗഹന വെളിപ്പെടുത്തിയിരുന്നു.
രാജ് കുന്ദ്ര നിര്‍ബന്ധിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗഹന പറയുന്നത്.